ചിത്തൂര്‍: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍ സോഫ്റ്റ്‍ വെയര്‍ എഞ്ചിനീയറെ കാറില്‍ ജീവനോടെ ചുട്ടുകൊന്നു. വിവാഹിതയായ യുവതിയുമായുള്ള ഇളയ സഹോദരന്റെ ബന്ധത്തിന്റെ പേരിലാണ് യുവാവിനെ ജീവനോടെ കത്തിച്ചത്. സാമ്പല്ലേ നാഗരാജു(35) എന്നയാളാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ കോണസീമ ജില്ലയിലെ രാമചന്ദ്രപുരം മണ്ഡലത്തിലെ താമസക്കാരാണ് നാഗരാജുവും സഹോദരന്‍ പുരുഷോത്തവും. യുവതിയും ഇവിടെയാണ് താമസിക്കുന്നത്. റിപുഞ്ജയ എന്ന യുവതിയുമായി പുരുഷോത്തമിന് ബന്ധമുണ്ടായിരുന്നു. എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ പുരുഷോത്തവുമായുള്ള ബന്ധത്തെ എതിര്‍ക്കുകയും പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ നാഗരാജുവിനെ വിളിക്കുകയും ചെയ്തു.
യുവതിയുടെ കുടുംബാംഗങ്ങളും നാഗരാജുവും അജ്ഞാത സ്ഥലത്തേക്ക് കാറില്‍ പോകുന്നതിനിടെ, യുവാവിനെ മര്‍ദ്ദിക്കുകയും കാറിനുള്ളില്‍ കയറുകൊണ്ട് ബന്ധിക്കുകയും ചെയ്തു. പിന്നീട് യുവതിയുടെ വീട്ടുകാര്‍ കാറിനു മുകളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നാഗരാജുവിനെ അര്‍ധരാത്രിയോടെ കൊലപ്പെടുത്തിയെന്നും കാര്‍ കുഴിയിലേക്ക് തള്ളിയിട്ട് അപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു.