ചെങ്ങന്നൂർ : ചെങ്ങന്നൂർ അങ്ങാടിക്കൽ സെന്റ് ആൻസ് സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ സമാപനം കുറിച്ചു കൊണ്ടുള്ള സമ്മേളനം 31 ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപത അധ്യക്ഷൻ റൈറ്റ്.റവ.ഡോ .ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എംപി, സജി ചെറിയാൻ എം എൽ എ എന്നിവർ പങ്കെടുക്കും.
1945 ൽ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി കേവലം പത്ത് കുട്ടികളുമായിട്ടാണ് വിദ്യാലയം ആരംഭിച്ചത്. നിലവിൽ 1260 കുട്ടികൾ ഇവിടെ പഠിക്കുന്നു. രണ്ടു ക്ലാസ് മുറികളിൽ നിന്നും അറുപതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടങ്ങളിലാണ് ഇന്ന് കുട്ടികൾ പഠിക്കുന്നത്. എസ് എസ് എൽ സി, പ്ളസ് ടു ക്ലാസുകളിൽ ഒന്നാം റാങ്ക് ഉൾപ്പെടെ കരസ്ഥമാക്കിയ ഈ സ്കൂൾ കലാ, കായിക ,പ്രവൃത്തി പരിചയ മേളകളിൽ ഉന്നത സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ ഒരേ നിലവാരം പുലർത്തുന്ന ഈ വിദ്യാലയം ഹയർ സെക്കണ്ടറി വിഭാഗത്തിൽ സർക്കാർ അംഗീകാരം ലഭിക്കുന്നതിനുള്ള അവസാന ഘട്ട പ്രവർത്തനങ്ങളിലാണ്.
ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സ്കൂളിന്റെ 75 വർഷക്കാലത്തെ ചരിത്രം സൂചിപ്പിക്കുന്ന സ്മരണിക പുറത്തിറക്കും. ഏഷ്യാനെറ്റ് കലാകാരന്മാർ പങ്കെടുക്കുന്ന മെഗാഷോയും ഉണ്ടാകും. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ആത്മജ, ലോക്കൽ മാനേജർ, സിസ്റ്റർ ആനിമ, പി ടി എ പ്രസിഡന്റ് കെ സഞ്ജീവ്, വൈസ് പ്രസിഡന്റ് ഡോ.ശ്രീവേണി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അനീഷ്, കൺവീനർ ചെറുപുഷ്പ, സ്വീകരണ കമ്മിറ്റി കൺവീനർ ബിജു ബേബി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു