കോഴഞ്ചേരി : ആറന്മുള ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ അംഗനവാടികളിൽ നടപ്പിലാക്കുന്ന “കൂട്ട് കൂടി പാട്ട് പാടാം” എന്ന പരിപാടിയ്ക്ക് തുടക്കമായി. കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കുന്നത്തുകര 11-ാം വാർഡിലെ 80-ാം നമ്പർ അംഗനവാടിയിൽ ജനമൈത്രി ബീറ്റ് ഓഫീസർ എം.സുൽഫിഖാൻ റാവുത്തർ പരിപാടി ഉദ്ഘാടനം ചെയ്തു. അംഗനവാടി ടീച്ചർ കെ.രാധാമണി ഹെൽപ്പർ എം.എ. ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു.
അംഗനവാടികളിലെ കൊച്ചു കൂട്ടുകാരോടൊപ്പം പാട്ട്പാടിയും കഥകൾ പറഞ്ഞും പോലീസ് അവരുടെ സ്വന്തം കുടുംബാംഗങ്ങൾ ആകുന്ന പദ്ധതിയാണിത്. ആറന്മുള ജനമൈത്രി പോലീസ് എസ് എച്ച് ഒ ജി.സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഇങ്ങനെ ആർദ്രമായ പരിപാലനവുമായി കൊച്ചു കുഞ്ഞുങ്ങളുടെ അടുത്തെത്തി അവരെ ചേർത്ത് പിടിക്കുന്നത്. അതിലൂടെ പിഞ്ചോമനകളുടെ പോലീസിനോടുള്ള ഭയം ചെറുപ്പത്തിലെ ഇല്ലാതാക്കി സുരക്ഷിതത്വ ബോധം ഉറപ്പ് നല്കി അവരോട് അടുക്കുകയും ചെയ്യാൻ കഴിയുന്നു.
കുഞ്ഞുങ്ങളുടെ ഭാവനകൾ തിരിച്ചറിയാനും കുഞ്ഞു മനസുകളിൽ സ്നേഹം നിറച്ച് ഭാവി ലോകത്തേയ്ക്ക് തുള്ളിച്ചാടി ഓടി കയറാനും അവർക്ക് മാർഗ്ഗദർശനങ്ങൾ നല്കി ഒപ്പം ചേരാനും പോലീസിന് കഴിയും. അംഗനവാടി പ്രായത്തിലെ പിഞ്ചോമനകളുടെ മാനസിക ബുദ്ധി വളർച്ചയ്ക്ക് കളിയും കളിപ്പാട്ടങ്ങളും വലിയ സ്വാധീനം ചൊലുത്തുന്നതായി ഉദ്ഘാടന പ്രസംഗത്തിൽ എം.സുൽഫിഖാൻ റാവുത്തർ പറഞ്ഞു. വിവിധ തരത്തിലുള്ള കളിപ്പാട്ടങ്ങൾ അവരുടെ കൈകളിൽ എത്തിക്കണം. കളിപ്പാട്ട ഫോണുകള്‍, ടോയ് ക്ലോക്കുകള്‍, കളിവീടുകള്‍, കിച്ചണ്‍ സെറ്റ്, ചെറിയ കാറുകള്‍, ട്രക്കുകള്‍, ബില്‍ഡിംഗ് ബ്ലോക്കുകള്‍ തുടങ്ങിയവ അവരുടെ ഭാവനയും ബുദ്ധിപരവുമായ വളർച്ചയ്ക്ക് പ്രയോജനപ്പെടും. . ബില്‍ഡിംഗ് ബ്ലോക്കുകള്‍ ഉപയോഗിച്ചു കുട്ടികള്‍ അവരുടെ ഭാവനയ്ക്ക് അനുസരിച്ച് വീടുകള്‍ നിര്‍മിക്കുന്നതും അഴിച്ചുപണിയുന്നതും അവരുടെ ഭാവനയും നിര്‍മാണ വൈഭവവും വര്‍ധിപ്പിക്കും. ചിത്ര കഥാപുസ്തകങ്ങളിലൂടെ കുട്ടികളെ വായനയുടെ ലോകത്തിലേയ്ക്ക് എത്തിക്കാനും കഴിയും. കുട്ടികളെ അടുത്തിരുത്തി മുത്തശ്ശിമാരും മുത്തച്ഛൻമാരും മാതാപിതാക്കളും കഥകള്‍ വായിച്ചും പറഞ്ഞും കൊടുക്കണം. രസകരമായ രീതിയില്‍ കഥകള്‍ കഥകൾ അവതരിപ്പിക്കണം. കുഞ്ഞുങ്ങളെ കള്ളവും ചതിയുമറിയാത്ത കണ്ണാടി പോലെയുള്ള മനസുകളാക്കി തീർക്കണം. കുസൃതിക കാട്ടി തുള്ളിച്ചാടി ചിരിച്ച് കളിച്ച് ഒരോത്തരുടെയും അരുമക്കിളികളായി വളർന്ന് വരാൻ ഇവർക്കാകട്ടെയെന്ന് ജനമൈത്രി പോലീസ് ആശംസിച്ചു.