കുമ്പനാട് : കിഴക്കേ വെള്ളിക്കര കോളനിയിൽ അങ്കണവാടി നിർമാണം മുടങ്ങിയിട്ട് മാസങ്ങളായി. ഭിത്തികെട്ടി ബെൽറ്റ് വാർത്ത സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. പാരപ്പെറ്റ് കെട്ടുന്നതും മേൽക്കൂര വാർക്കുന്നതും തറ ലെവൽ ചെയ്ത് സിമന്റിടുന്നതും കതകും ജനാലുകളും സ്ഥാപിക്കുന്നത് അടക്കമുള്ള പണികളൊക്കെ ബാക്കിയാണ്. കോയിപ്രം ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാർഡിലെ രണ്ട് അങ്കണവാടികളും (നമ്പർ-98, 99) വാടകക്കെട്ടിടത്തിലാണ് വർഷങ്ങളായി പ്രവർത്തിച്ചു വരുന്നത്. 98-ാം നമ്പർ അങ്കണവാടി കെട്ടിടം നിർമിക്കുന്നതിന് മൂന്ന് സെന്റ് സ്ഥലം 2022 ഏപ്രിലിൽ ആര്യപ്പള്ളിൽ ജോൺ മാത്യു, ഭാര്യ ചിന്നമ്മ ജോൺ എന്നിവർ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ ദാനാധാരം എഴുതി നൽകി. 2022-23 വാർഷിക പദ്ധതിയിൽ നമ്പർ 191/23 ആയി അങ്കണവാടി കെട്ടിടനിർമാണം ഉൾപ്പെടുത്തിയിരുന്നു.
2023-24, 25 വാർഷിക പദ്ധതികളിലായി സ്‌പിൽ ഓവറായും ഉൾപ്പെടുത്തിയിരുന്നു. ഗ്രാമപ്പഞ്ചായത്ത് വിഹിതമായി ഒരുലക്ഷം രൂപയും ജില്ലാപഞ്ചായത്ത് വിഹിതമായി പത്ത് ലക്ഷം രൂപയുമാണ് അങ്കണവാടി കെട്ടിട നിർമാണത്തിനായി അനുവദിച്ചിട്ടുള്ളത്. എന്നാൽ, 11 ലക്ഷംരൂപയും ഗ്രാമപ്പഞ്ചായത്ത് വിഹിതമായി അന്തിമ പദ്ധതി രേഖയിൽ രേഖപ്പെടുത്തിയതിനാൽ പദ്ധതി ഭേദഗതി ചെയ്യേണ്ടി വന്നു. ടെൻഡർ പൂർത്തിയാക്കി കരാറിൽ ഏർപ്പെടുകയും ചെയ്തു. എന്നാൽ പ്രവൃത്തികൾ തുടങ്ങാത്തതിനാൽ ഭരണസമിതി യോഗം പദ്ധതി അടിയന്തിരമായി റീ ടെൻഡർ ചെയ്യുന്നതിന് അസി. എൻജിനിയറെ ചുമതലപ്പെടുത്തി. പക്ഷേ, കരാർ റദ്ദാക്കാതെ മുൻ അസി. എൻജിനീയർ കരാറുകാരനെത്തന്നെ ബാക്കിയുള്ള ജോലികളും ഏൽപ്പിക്കുകയായിരുന്നു. ഇപ്പോൾ രണ്ടുമാസമായി കരാറുകാരൻ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നതേയില്ല.