ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രാജ്യത്തിന്റെ പ്രശ്‌നങ്ങളില്‍ പ്രവര്‍ത്തിക്കണമെന്നും അനില്‍ ട്വീറ്റ് ചെയ്തു. എംപി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ട നടപടിക്ക് പിന്നാലെയാണ് അനിലിന്റെ പ്രതികരണം. രാജ്യത്തിന്റെ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍ 2024 ന് അപ്പുറത്തേക്ക് കോണ്‍ഗ്രസ് നിലനില്‍ക്കില്ലെന്നും അനില്‍ പരിഹസിച്ചു.
അതേസമയം മാനനഷ്ട കേസില്‍ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. രാഹുല്‍ ഗാന്ധി എംപിയെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവിനാണ് ശിക്ഷിച്ചത്. ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എച്ച് എച്ച് വര്‍മയാണ് ശിക്ഷ വിധിച്ചത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ ‘എല്ലാ കള്ളന്‍മാര്‍ക്കും മോദിയെന്ന പൊതുപേരുണ്ടായത് എങ്ങനെ?’- എന്ന പരാമര്‍ശമാണ് കേസിന് ആധാരം.