ഇടുക്കി: തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പൻ ക്ഷീണിതനാണെന്ന് മൃഗസ്നേഹികൾ. കൊമ്പന്‍റെ ആരോഗ്യത്തെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. തമിഴ്നാട് വനംവകുപ്പ് തന്നെ പുറത്തുവിട്ട ചിത്രങ്ങൾ കണ്ടാണ് രണ്ടാഴ്ച കൊണ്ട് ആന ക്ഷീണിതനായെന്ന പ്രചാരണം നടക്കുന്നത്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നും അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നുമാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്. കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ കോതയാർ വലമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ്റെ ദൃശ്യങ്ങളും ചിത്രങ്ങളും മൂന്ന് തവണ തമിഴ്നാട് വനംവകുപ്പ് പുറത്ത് വിട്ടിരുന്നു. ഇതിൽ കൊമ്പൻ തീറ്റ തിന്നുന്നതും വെള്ളം കുടിക്കുന്നതുമൊക്കെ ഉണ്ടായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പുതിയ വനമേഖലയുമായി അരിക്കൊമ്പൻ ഇണങ്ങിക്കഴിഞ്ഞു എന്നാണ് തമിഴ്നാട് വനംവകുപ്പ് വിശദീകരിച്ചിരുന്നത്.
അതേസമയം ചിത്രങ്ങളിൽ നിന്നും ആന ക്ഷീണിതനാണെന്ന് വ്യക്തമാണെന്നാണ് മൃഗസ്നേഹികളും ആനപ്രേമികളുടെ സംഘടനയും വാദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ദിവസങ്ങളായി നടക്കുന്നത്. ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്ത് വിടാൻ തമിഴ്നാട് വനംവകുപ്പ് തയ്യറാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. മുമ്പ് ദിവസവും പത്ത് കിലോ മീറ്ററിലധികം സഞ്ചരിച്ചിരുന്ന അരിക്കൊമ്പനിപ്പോൾ കുട്ടിയാർ ഡാമിനടുത്ത് മൂന്ന് കിലോമീറ്ററോളം മാത്രമാണ് നടക്കുന്നത്.