പത്തനംതിട്ട : സാങ്കേതിക- സാമൂഹിക മാറ്റത്തിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി മൃഗസംരക്ഷണ വകുപ്പ്. ചികിത്സാ സേവനങ്ങള്‍ക്കൊപ്പം ക്ഷീരകര്‍ഷകര്‍ക്ക് സാമ്പത്തിക പരിരക്ഷയും ഉറപ്പാക്കുന്ന വിവിധ പദ്ധതി ജില്ലയില്‍ ലഭ്യമാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ സാധ്യമായത് 3,50,13,765 രൂപയുടെ വീട്ടുപടിക്കല്‍ സേവനം. മൃഗചികിത്സയ്ക്ക് വീട്ടുമുറ്റത്ത് സേവനം എത്തിക്കുന്നതിന് മൊബൈല്‍ വെറ്ററിനറി ആംബുലന്‍സ് സംവിധാനവും സജീവം. പറക്കോട്, കോന്നി, മല്ലപ്പള്ളി, കോയിപ്രം, റാന്നി ബ്ലോക്കുകളില്‍ വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെയാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. മറ്റ് ബ്ലോക്കുകളില്‍ രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെ അടിയന്തിര മൃഗചികിത്സ സേവനം ലഭിക്കും. ബ്ലോക്കുകള്‍ക്ക് പുറമെ ജില്ലാ സെന്ററില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുമുണ്ട്. വെറ്ററിനറി പോളി ക്ലിനിക്കിലൂടെ അവശ്യമരുന്നുകളും കര്‍ഷകര്‍ക്ക് ലഭ്യമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പര്‍ 1962 ലൂടെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ സേവനം കര്‍ഷകരുടെ വീട്ടുപടിക്കല്‍ എത്തും.
വളര്‍ത്തുമൃഗങ്ങള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയയ്ക്കായി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തനം. ജില്ലയിലെ ആങ്കറിംഗ് സ്റ്റേഷനുകളായ അടൂര്‍, പത്തനംതിട്ട, പുല്ലാട്, റാന്നി, തിരുവല്ല, കോന്നി എന്നിവിടങ്ങളില്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം വൈകാതെ ആരംഭിക്കും. ക്ഷീരോല്‍പാദനം വര്‍ധിപ്പിക്കുന്നതിന് നിരവധി പദ്ധതികളും വകുപ്പിലുണ്ട്. കന്നുകുട്ടി പരിപാലന പദ്ധതിയായ ‘ഗോവര്‍ധിനി’യിലൂടെ ജില്ലയില്‍ നടപ്പിലാക്കിയത് 16,20,82,771 രൂപയുടെ വികസനം. പാലുല്‍പാദനം വര്‍ധിപ്പിക്കുന്നതിന് മികച്ചയിനം കന്നുകുട്ടികളെ ചെറുപ്രായത്തിലേ തിരഞ്ഞെടുത്ത് ആരോഗ്യസംരക്ഷണം നല്‍കുന്നതാണ് പദ്ധതി. സബ്സിഡി നിരക്കില്‍ കാലിത്തീറ്റയും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും.
ഗോസമൃദ്ധി ഇന്‍ഷുറന്‍സ് പദ്ധതിയും ക്ഷീരകര്‍ഷകര്‍ക്ക് കൈതാങ്ങാണ്. ജില്ലയില്‍ ഇതുവരെ 7949 കന്നുകാലികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കി. പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റര്‍ പാല്‍ ഉല്‍പ്പാദന ശേഷിയുള്ള രണ്ട് മുതല്‍ 10 വയസു വരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഗര്‍ഭാവസ്ഥയുടെ അവസാന മൂന്ന് മാസത്തിലുള്ള പശുക്കളെയും കറവ വറ്റിയ ഉരുക്കളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താം. കന്നുകാലികളെ ഒന്ന്, മൂന്ന് വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് ചെയ്യാം. കന്നുകാലികളുടെ മരണം, ഉല്‍പാദനക്ഷമത നഷ്ടപ്പെടല്‍ എന്നിവയ്ക്കാണ് പരിരക്ഷ. മൃഗസംരക്ഷണ വകുപ്പിന്റെ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് എട്ട് വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ 51,16,850 രൂപയാണ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത്.