കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ പ്രമുഖരടക്കം വൈദികര്‍ക്ക് കൂട്ടസ്ഥലം മാറ്റം.
അതിരൂപതയുടെ ഭരണകാര്യാലയത്തിലാണ് (കൂരിയായില്‍) പ്രധാനമായും ഇളക്കി പ്രതിഷ്ഠ നടന്നിരിക്കുന്നത്. കൂടാതെ വിമതരെ പിന്തുണച്ച നിരവധി വൈദികര്‍ക്ക് സ്ഥലംമാറ്റമടക്കം സ്ഥാനചലനവും സംഭവിച്ചിട്ടുണ്ട്.
മെത്രാപ്പോലീത്തന്‍ വികാരിയായിരുന്ന മാര്‍ ആന്‍റണി കരിയിലിനൊപ്പം വികാരി ജനറല്‍മാരായിരുന്ന ഫാ. ജോയ് അയിനിയാടന്‍, ഫാ. ഹോര്‍മിസ് മൈനാട്ടി, ഫാ. ജോസ് പുതിയേടത്ത് എന്നിവരെ മാറ്റി. വികാരി ജനറലായി ഫാ. വര്‍ഗീസ് പൊട്ടയ്ക്കലിനെ നിയമിച്ചു. ചാന്‍സലറായി ഫാ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ നിയമിതനായി. അദ്ദേഹം പി.ആര്‍.ഒയുടെ ചുമതലയും നിര്‍വഹിക്കും. നേരത്തേ ഫാ. കിലുക്കന്‍ മാത്യുവായിരുന്നു പി.ആര്‍.ഒ.
സിഞ്ചെലൂസായി മോണ്‍. ആന്‍റണി പെരുമായന്‍ നിയമിതനായി. ഫാ. അയിനിയാടന്‍ ജോയ്യെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി ഡയറക്ടറാക്കി. ഫാ. സൊബാസ്റ്റ്യന്‍ മഞ്ഞളിയാണ് വൈസ് ചാന്‍സലര്‍. ഫാ. പോള്‍ മാടശേരി പ്രൊക്യുറേറ്ററായും നിയമിതനായി. ഫാ. മൈനാട്ടി ഹോര്‍മിസ് ലിസി ആശുപത്രിയുടെ സ്പിരിച്വല്‍ ഡയറക്ടറാകും. ഫാ. ജോസ് പുതിയേടത്തിനെ പറവൂര്‍ കൊറ്റക്കാവ് ഫൊറോന വികാരിയായും മാറ്റി നിയമിച്ചു. സഭാനേതൃത്വത്തിനെതിരെ തെരുവില്‍ പ്രതിഷേധിച്ചവര്‍ക്ക് പിന്തുണ നല്‍കുകയോ പ്രതിഷേധത്തില്‍ പങ്കെടുക്കുകയോ ചെയ്തവരെയാണ് പ്രധാന പദവികളില്‍നിന്നടക്കം മാറ്റിയതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. നിലവില്‍ പ്രമുഖ സ്ഥാനം വഹിച്ച പലര്‍ക്കും മറ്റു പദവികള്‍ നല്‍കിയിട്ടുമില്ല.
ഇതിനിടെ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിന്‍റെ കാല്‍ തല്ലിയൊടിക്കുമെന്ന് വിമതരില്‍ ചിലര്‍ ഭീഷണി മുഴക്കിയതോടെ തര്‍ക്കം മറ്റൊരു തലത്തിലേക്ക് നീങ്ങി. അതിരൂപത സംരക്ഷണ സമിതി നേതാവാണ് ആന്‍ഡ്രൂസ് താഴത്തിനെ സന്ദര്‍ശിച്ച് കാല്‍ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. അതിരൂപതയിലെ 410 വൈദികരില്‍ 360 പേരും നേതൃത്വത്തിന് എതിരാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മാര്‍പാപ്പ ഇടപെട്ടിട്ടും ഇവരുടെ മനസ്സ് മാറ്റാന്‍ കഴിയാത്തതിനാലാണ് ഇപ്പോള്‍ നടപടിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതത്രേ. എന്നാല്‍ അതിരൂപത സംരക്ഷണ സമിതിയും സിറിയന്‍ കാത്തലിക് ലിറ്റര്‍ജിക്കല്‍ ഫോറവും അല്‍മായ മുന്നേറ്റവും അടക്കമുള്ള സംഘടനകള്‍ സഭാ നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.