ചെന്നൈ : അണ്ണാ ഡിഎംകെയിലെ അധികാര തര്‍ക്കത്തില്‍ പ്രതിപക്ഷനേതാവ് എടപ്പാടി പളനിസാമിക്ക് തിരിച്ചടി. മുന്‍മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ കോര്‍ഡിനേറ്ററമായിരുന്ന ഒ.പനീര്‍സെല്‍വത്തെ പുറത്താക്കിയ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ തീരുമാനം നിയമവിധേയമല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു.
ഇപിഎസിനെ ജനറല്‍ സെക്രട്ടറിയായി അവരോധിച്ചതടക്കം ജൂലൈ 11ന് വാനഗരത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ എടുത്ത എല്ലാ തീരുമാനങ്ങളും കോടതി റദ്ദാക്കിയിട്ടുണ്ട്.
മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ഡി.ജയചന്ദ്രന്‍റെതാണ് വിധി. ജനറല്‍ കൗണ്‍സിലിന്‍റെ എല്ലാ തീരുമാനങ്ങളും റദ്ദാക്കി ജൂണ് 23-ന് മുമ്പുള്ള നില പാര്‍ട്ടിയില്‍ തുടരണമെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചിട്ടുണ്ട്. ഇതോടെ ഒ പനീര്‍ സെല്‍വം പാര്‍ട്ടി കോ ഓഡിനേറ്ററായും എടപ്പാടി പളനിസാമി പാര്‍ട്ടിയുടെ സഹ കോര്‍ഡിനേറ്ററായും തുടരും. ഹൈക്കോടതി വിധിയനുസരിച്ച് ഇനി ജനറല്‍ കൗണ്‍സില്‍ വിളിക്കണമെങ്കില്‍ 30 ദിവസം മുമ്പ് നോട്ടീസ് നല്‍കണം. ഇപിഎസിനും ഒപിഎസിനും ഒരുമിച്ചേ ജനറല്‍ കൗണ്‍സില്‍ വിളിക്കാനാകൂ. പാര്‍ട്ടി ബൈലോ പ്രകാരം വര്‍ഷത്തില്‍ ഒരു ജനറല്‍ കൗണ്‍സിലേ വിളിക്കാനാകൂ. വിവിധ ജില്ലാ ഘടകങ്ങളും സംസ്ഥാന നേതൃത്വത്തിലെ പ്രമുഖ നേതാക്കളും എടപ്പാടിക്കൊപ്പമാണെങ്കിലും കോടതി വിധിയോടെ പാര്‍ട്ടിയെ ന്‍റെ നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ എടപ്പാടിക്ക് ഇനി പുതിയ വഴികള്‍ തേടേണ്ടി വരും.
മാനഗരത്തിലെ എഐഡിഎംകെ ജനറല്‍ കൗണ്‍സിലിനോട് അനുബന്ധിച്ച് വലിയ സംഘര്‍ഷമായിരുന്നു ചെന്നൈയിലും തമിഴ്നാട്ടിലെ മറ്റു ഭാഗങ്ങളിലും എടപ്പാടി – ഒപിഎസ് അനുകൂലികള്‍ക്ക് ഇടയില്‍ ഉണ്ടായത്. സംഘര്‍ഷം പതിവായതോടെ ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനം പോലീസ് ഇടപെട്ട് അടച്ചുപൂട്ടി. പലയിടത്തും പാര്‍ട്ടി ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ ശ്രമമുണ്ടായി. പാര്‍ട്ടിയില്‍ അപ്രസക്തനായ ഒപിഎസ് ശശികലയ്ക്കും ടിടിവി ദിനകരനുമൊപ്പം ചേരുമെന്ന നിലയില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഹൈക്കോടതി വിധിയോടെ കാര്യങ്ങള്‍ ഒപിഎസിന് അനുകൂലമായി വന്നിരിക്കുകയാണ്.