കോന്നി : ആങ്ങമൂഴി കിളിയെറിഞ്ഞാൻ കല്ല് ചെക്പോസ്റ്റിന് സമീപം ജനവാസമേഖലയിൽ കൂട്ടം തെറ്റി കണ്ടെത്തിയ കുട്ടികൊമ്പനെ കോന്നി ആനത്താവളത്തിൽ എത്തിച്ചു. രാവിലെ അഞ്ച് മണിയോടെ പത്തനംതിട്ട വലിയകോയിക്കലിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് കുട്ടികൊമ്പനെ കോന്നി ആനത്താവളത്തിൽ എത്തിച്ചത്. ഗ്രൂഡിക്കൽ റേഞ്ച് ഓഫീസർ എസ്.മണി, കൊച്ചുകോയിക്കൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് എന്നിവരുടെ നേതൃത്ത്വത്തിലാണ് ആനകുട്ടിയെ കോന്നിയിൽ എത്തിച്ചത്.
കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാൽ, കോന്നി റേഞ്ച് ഓഫീസർ ജോജി ജയിംസ്, ഫോറസറ്റ് വെറ്റിനറി ഡോക്ട്ടര്‍ ശ്യാം ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ ആനക്കൂട്ടിക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ആനത്താവളത്തിൽ ഒരുക്കിയിരുന്നു. കോന്നി ഇക്കോടൂറിസം സെൻ്ററിലെ പേപ്പർ നിർമ്മാണ യൂണിറ്റിന് സമീപം മുളകൊണ്ട് വേലികെട്ടിയാണ് ആനകുട്ടിക്ക് സംരക്ഷണമൊരുക്കിയിരിക്കുന്നത്. പിന്നീട് ഇതിനെ ആനകൂട്ടിലേക്ക് മാറ്റാനാണ് തീരുമാനമെന്നും കോന്നി ഡി.എഫ്.ഒ പറഞ്ഞു.
കുട്ടികൊമ്പന് കണ്ണനെന്നാണ് പേര് നൽകിയിരിക്കുന്നതെങ്കിലും ഔദ്യോഗിക നാമകരണ പിന്നീട് ഉണ്ടാകും. ലാക്ടോജിനും പാൽപൊടിയും ചേർന്ന ദ്രവരൂപത്തിലുള്ള ആഹാരമാണ് ആനകുട്ടിക്ക് നൽകുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ ഉത്തരവ് പ്രകാരമാണ് ഇതിനെ കോന്നിയിലേക്ക് എത്തിച്ചിരിക്കുന്നത്. കുട്ടികൊമ്പൻ്റെ ആരോഗ്യ സ്ഥിതിയും പരിപാലനവും വിലയിരുത്താൻ കൊല്ലം സി.സി.എഫ് സഞ്ജയ്കുമാറിൻ്റെ നേതൃത്ത്വത്തിൽ കോന്നി, റാന്നി ഡി.എഫ്.ഒ മാർ കൊച്ചുകോയിക്കൽ സ്റ്റേഷനിൽ എത്തിയിരുന്നു.
ആങ്ങമൂഴിയിൽ ആഗസ്‌റ്റ് 19 ന് കൂട്ടം പിരിഞ്ഞ് കണ്ടെത്തിയ കുട്ടികൊമ്പനെ കാടുകയറ്റി വിടാൻ ശ്രമിച്ചെങ്കിലും ഇതിന് കഴിഞ്ഞില്ല. വനമേഖലയിൽ പ്രത്യേക കൂടൊരുക്കി ആധികൃതർ കാത്തിരുന്നു. ആനക്കൂട്ടത്തിന് പൊളിച്ച് മാറ്റാവുന്ന രീതിയിലാണ് കൂട് സജ്ജമാക്കിയിരുന്നത്. എന്നാൽ ശ്രമം വിഭലമായതിനെ തുടർന്നാണ് ഇതിനെ വലിയകോയിക്കൽ ഫോറസ്റ്റേഷനിലേക്ക് മാറ്റിയത്.പിന്നീട് കോന്നിയിലേക്ക് കൊണ്ടുവരാൻ ധാരണയാവുകയായിരുന്നു. കുട്ടി കൊമ്പൻ കൂടി എത്തിയതോടെ ആറ് ആനകളുമായി കോന്നി ആനത്താവളം വീണ്ടും സജീവമായി.