ചിറയിന്‍കീഴ്: വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര വെണ്‍മതിയില്‍ ആനി(48)യുടെ മരണത്തില്‍ ദുരൂഹത. അസ്വാഭാവിക മരണത്തിന് അഞ്ചുതെങ്ങ് പോലീസ് കേസെടുത്തു. അന്വേഷണം നടത്തണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെത്തുടര്‍ന്നാണിത്.
തൊഴില്‍ ഇടത്തെ മാനസിക പീഡനമാണ് ആനിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് യുവതിയുടെ ഡയറിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. തൊഴില്‍ സംബന്ധമായി മാനസിക സമ്മര്‍ദ്ദത്തിലാക്കി പീഡിപ്പിച്ചവരുടെ പേര് വിവരങ്ങളും കാര്യകാരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അഞ്ചുതെങ്ങ് പോലീസ് പറഞ്ഞു. ഭര്‍ത്താവ് തൃലോചനനുമായി ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു. മക്കള്‍: വിഷ്ണു, പാര്‍വതി(ഇരുവരും വിദ്യാര്‍ത്ഥികള്‍).
കഴിഞ്ഞ ദിവസമാണ് ആനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. ഓഫീസില്‍ സഹപ്രവര്‍ത്തകരായ ചിലരുടെ പെരുമാറ്റം സഹിക്കാവുന്നതില്‍ അപ്പുറമാണെന്നും കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ടു ആനി എഴുതിയതായി പറയുന്ന ഡയറി പോലീസ് കണ്ടെടുത്തു.
തിരുവനന്തപുരം ഗവ. പ്രസിലെ ജീവനക്കാരിയായിരുന്ന ആനി പിന്നീടാണു റവന്യു കമ്മീഷണര്‍ ഓഫീസില്‍ എത്തുന്നത്. അടുത്തിടെ കോവിഡ് വാക്‌സീന്‍ എടുത്തതിന്റെ പേരില്‍ ഓഫീസിലെ ചിലര്‍ കളിയാക്കിയിരുന്നു. ഇതിന്റെ പേരില്‍ ഓഫീസിലെ സഹപ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായതായും സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ടു ചിലരുടെ പേരുകളും ഡയറിയില്‍ കുറിച്ചിട്ടുണ്ടെന്നാണ് സൂചന. പോലീസ് ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറുമെന്നു ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തില്‍ കുറ്റക്കാരെന്ന് സംശയിക്കുന്ന സഹപ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് നാട്ടുകാരും ബന്ധുക്കളും ഒരുപോലെ ആവശ്യപ്പെടുന്നു. വിഷമഘട്ടങ്ങളില്‍ ജീവിതത്തില്‍ നിന്ന് ഒളിച്ചോടാതെ സര്‍ക്കാര്‍ ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന് ആനി തെളിയിച്ചു. 13 വര്‍ഷമായി ലാന്റ് റവന്യൂ കമ്മീഷണറേറ്റിലെ ഓഫീസില്‍ അസിസ്റ്റന്റായ ആനി പി.എസ്.സി വഴിയാണ് സര്‍വ്വീസില്‍ എത്തിയത്. 20 വര്‍ഷം മുന്‍പ് ഭര്‍ത്താവ് അകന്നെങ്കിലും രണ്ടുമക്കളെയും ചേര്‍ത്തു പിടിച്ചായിരുന്നു മുന്നോട്ടുള്ള ജീവിതം. അതിനിടെയിലാണ് ജോലി നേടിയത്.
ഒരുപാട് പ്രതീക്ഷകളുമായാണ് മകന്‍ വിഷ്ണുവിനെ സി.എക്ക് ചേര്‍ത്തും ഡിഗ്രി കഴിഞ്ഞ മകള്‍ പാര്‍വതിയെ തുടര്‍പഠനത്തിന് ചേര്‍ക്കാന്‍ തയ്യാറെടുത്തതും. എന്നും രാവിലെ 5.30ന് എഴുന്നേല്‍ക്കുന്ന ആനി വീട്ടുജോലിയും കഴിഞ്ഞ് മക്കള്‍ക്കൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങും. കൊവിഡിന് മുന്‍പ് വരെ ട്രെയിനിലായിരുന്നു മ്യൂസിയത്തിന് സമീപം പബ്ലിക് ഓഫീസിലെ ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റില്‍ എത്തിയിരുന്നത്.
കൊവിഡിനുശേഷം ബസിലും കൂടാതെ പഠനസംബന്ധമായി തിരുവനന്തപുരത്തേക്ക് വരുന്ന മകനൊപ്പവുമായി യാത്ര. വൈകുന്നേരം വീട്ടിലേക്ക് മടങ്ങിയെത്തിലായും ജോലികളുമായി തിരക്കുകളില്‍ മുഴുകും. കുടുംബവീട്ടില്‍ താമസിച്ചിരുന്ന ആനി കഷ്ടപ്പാട് സഹിച്ചാണ് സ്വന്തമായി വീടുവെച്ചത്. തറയുടെ പണികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാകാനുണ്ട്. കടങ്ങളും ബാക്കിയാക്കിയാണ് യാത്ര.