തിരുവല്ല : പെരിങ്ങര ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ 110-ാമത് വാർഷികാഘോഷം ജില്ലാ പഞ്ചായത്തംഗം മായ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് അദ്ധ്യക്ഷത വഹിച്ചു. നാടക പ്രവർത്തകനും കാഥികനുമായ ഹരിപ്പാട് രവിപ്രസാദ് മുഖ്യാതിഥിയായി. കഴിഞ്ഞ അദ്ധ്യയനവർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികവു തെളിയിച്ച കുട്ടികൾക്കുള്ള പുരസ്‌കാര വിതരണം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി.കെ നിർവഹിച്ചു. എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്ക് എ.ഇ.ഒ മിനികുമാരി വി.കെ പുരസ്കാരങ്ങൾ നൽകി.
വിവിധ മേളകളിലെ വിജയികൾക്ക് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു നമ്പൂതിരി, ഗ്രാമപഞ്ചായത്തംഗം എസ്. സനിൽകുമാരി എന്നിവർ സമ്മാനങ്ങൾ നൽകി. പുസ്തക വായനയിലെ മികവിനുള്ള പുരസ്കാരം സാഹിത്യകാരൻ പെരിങ്ങര രാജഗോപാൽ വിതരണം ചെയ്തു. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് സി.രവീന്ദ്രനാഥ്, തിരുവല്ല അർബൻ ബാങ്ക് വൈസ് ചെയർമാൻ അഡ്വ.പ്രമോദ് ഇളമൺ, പ്രധാനാദ്ധ്യാപിക ഷമീമ എസ്.എൽ, അമ്പിളി ജി.നായർ, അഭിനവ് എ.പി, മേരി റാണി കെ.ആർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളും അദ്ധ്യാപകരും കലാപരിപാടികൾ അവതരിപ്പിച്ചു.