പത്തനംതിട്ട : സന്നിധാനത്ത് തിരക്കിൽ കാണാതാകുകയോ ഒറ്റപ്പെട്ട് പോകുകയോ ചെയ്യുന്നവർക്ക് സഹായമാണ് നടപ്പന്തലിനു സമീപത്തെ ദേവസ്വം ബോർഡിന്റെ അനൗൺസ്മെന്റ് സംവിധാനം. ഈ തീർഥാടന കാലത്ത് ഇതുവരെ 260 ഓളം പേരെ ഇതുപയോഗിച്ച് കണ്ടെത്തി. പോലീസിൽ റിപ്പോർട്ട് ചെയ്യുന്ന മിസിംഗ് കേസുകളിൽ അടിയന്തരമായി അനൗൺസ്മെന്റ് നടത്തുന്നതിന് പോലീസ് ഉദ്യോഗസ്ഥരടക്കം ഇവിടെയുണ്ട്. കാണാതാകുന്നവരുടെ ഭാഷയിൽ തന്നെ അനൗൺസ്മെന്റ് നടത്താനാകും. സന്നിധാനം മുതൽ പമ്പ വരെ കേൾക്കുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ അനൗൺസ്മെന്റ് നടത്തും.
25 വർഷമായി വിവിധ ഭാഷകളിൽ ഇവിടെ അനൗൺസ്മെന്റ് നടത്തുന്ന കർണാടക ചിക്കമംഗളൂർ സ്വദേശി കുമാർ ഉൾപ്പെടെ നാല് അനൗൺസർമാരാണുള്ളത്. പമ്പയിലും കാണാതാകുന്നവരുടെ വിവരങ്ങൾ അറിയിക്കാൻ സമാന സംവിധാനമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പബ്ളിക് റിലേഷൻസ് ഓഫീസർ ജി എസ് അരുണാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. നടതുറക്കുമ്പോഴുള്ള അയ്യപ്പ സുപ്രഭാതം മുതൽ രാത്രിയിലെ ഹരിവരാസനം വരെ കേൾപ്പിക്കുന്നതിനുള്ള സംവിധാനം ഇവിടെ നിന്നാണ് ക്രമീകരിച്ചിരിക്കുന്നത്. സന്നിധാനത്തെത്തുന്ന തീർഥാടകർക്കുള്ള ദേവസ്വം ബോർഡിന്റെ അറിയിപ്പുകളും നിർദ്ദശങ്ങളും ഇവിടെ നിന്ന് നൽകുന്നുണ്ട്.