കാസര്‍കോട് : ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എം സി കമറുദ്ദീൻ എംഎൽഎക്കെതിരെ ഒരു കേസ് കൂടി. തൃക്കരിപ്പൂർ സ്വദേശി ഫൈസലിന്‍റെ പരാതിയില്‍ പയ്യന്നൂർ പോലീസ് കേസെടുത്തു. ഒരു കോടി രൂപയാണ് ഇദ്ദേഹം നിക്ഷേപിച്ചത്. ഇതോടെ നിക്ഷേപ തട്ടിപ്പിൽ കമറുദ്ദീനെതിരെയുള്ള കേസുകളുടെ എണ്ണം 77 ആയി.
എം സി കമറുദ്ദീൻ ചെയർമാനായ ഫാഷൻഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപ തട്ടിപ്പുകൾക്ക് പുറമേ നികുതി വെട്ടിപ്പും നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജിഎസ്ടി ഇന്‍റലിജൻസ് വിഭാഗം ഫാഷൻഗോൾഡ് ജ്വല്ലറി ശാഖകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പിഴയും പലിശയുമടക്കം ജിഎസ്ടി വകുപ്പ് ചുമത്തിയ തുക ഇതുവരെയും അടച്ചിട്ടില്ല.
എംസി കമറുദ്ദീൻ എംഎൽഎ ചെയർമാനായ കാസർകോട് കമർ ഫാഷൻ ഗോൾഡ്, ചെറുവത്തൂരിലെ ന്യൂ ഫാഷൻ ഗോൾഡ് ജ്വല്ലറി ശാഖകളിൽ കഴിഞ്ഞ വർഷം ഡിസംബറിലാണ് ജിഎസ്ടി വകുപ്പ് റെയ്ഡ് നടത്തിയത്. 2019 ജൂലൈക്ക് ശേഷം നികുതി അടയ്ക്കാത്തതിനെ തുടർന്നായിരുന്നു റെയ്ഡ്. ആസ്തി സംബന്ധിച്ച കണക്ക് പ്രകാരം കാസർകോട് ജ്വല്ലറി ശാഖയിൽ വേണ്ട 46 കിലോ സ്വർണവും ചെറുവത്തൂരിലെ ജ്വല്ലറിയിൽ ഉണ്ടാകേണ്ട 34 കിലോ സ്വർണവും കാണാനില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.