റാന്നി: ഗ്യാസ് പൈപ്പിലെ ലീക്കു മൂലമുണ്ടായ ഉഗ്ര സ്ഫോടനത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അന്യ സംസ്ഥാന തൊഴിലാളി മരണപ്പെട്ടു. ആസാം ഉടല്‍ഗുരി സോനാജൂലിയില്‍ കാലിയാഗൗറിന്‍റെ മകന്‍ ഗണേശ് ഗൗര്‍ (29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.15 ഓടെയാണ് അന്യ സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന മുറിയിൽ ഉഗ്രസ്ഫോടനം ഉണ്ടായത്. സ്ഫോടനം ഗ്യാസ് ലീക്കായതിലൂടെയാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. റാന്നി ഹെഡ് പോസ്റ്റ് ഓഫീസിനു എതിര്‍വശത്തെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് സ്ഫോടനം നടന്നത്. മുറിയുടെ കതക് സ്ഫടനത്തിന്‍റെ ശക്തിയില്‍ ഇളകി ദൂരേക്ക് തെറിച്ചുപോയി.
ജനൽ ചില്ലുകളും മറ്റും തകർന്നു. സമീപത്തെ കടയുടെ ചില്ലുകളും സ്ഫോടനത്തില്‍ തകര്‍ന്നു. അറുപത് ശതമാനത്തോളം പൊള്ളലേറ്റിരുന്ന ഇയാളുടെ സ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു. യാത്ര കഴിഞ്ഞു വന്ന ശേഷം ഗ്യാസ് അടുപ്പിൽ ഭക്ഷണം ഉണ്ടാക്കാൻ ശ്രമിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായതെന്ന് ഗണേഷ് പോലീസിന് മൊഴി നൽകിയിരുന്നു. പോലീസിനും അഗ്നിശമന സേനയ്ക്കും പുറമെ ഫോറെൻസിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്ത് വിശദ പരിശോധന നടത്തിയിരുന്നു. സ്ഫോടനമുണ്ടായ കെട്ടിടത്തിന് സമീപത്തെ വ്യാപാര സ്ഥലത്തിന്റെ മെയിൻ ഗ്ലാസുകൾ ഉൾപ്പടെ പൊട്ടി നശിച്ചിരുന്നു. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. 500 മീറ്റര്‍ ദൂരെ വരെ സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായെന്ന് നാട്ടുകാർ പറഞ്ഞു. പോലീസ് സ്റ്റേഷന്‍റെ വിളിപ്പാടകലെയാണ് സ്ഫോടനം നടന്ന സ്ഥലം.