കോട്ടയം: ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ജില്ലയിൽ ആന്റിബയോട്ടിക് മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്നു വിൽക്കരുതെന്നു ജില്ലാ മെഡിക്കൽ ഓഫിസ്. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് പ്രോഗ്രാമിന്റെ ഭാഗമായാണു നടപടി. സർക്കാർ മേഖലയിലെ കാരുണ്യ, നീതി, ജൻഔഷധി തുടങ്ങിയവയും സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രി ഫാർമസികൾ എന്നിവയും നിർദേശം പാലിക്കണം. നിർദേശം ലംഘിച്ചാൽ കർശനനടപടി സ്വീകരിക്കും.
ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്ന കവറുകളിൽ ഉപയോഗത്തിൽ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ച സന്ദേശമടങ്ങുന്ന ചുവന്ന നിറത്തിലുള്ള സീൽ പതിപ്പിക്കണം. ഇതിനായുള്ള 750 റബർ സീലുകൾ വിതരണം ചെയ്തു. മെഡിക്കൽ സ്റ്റോറുകൾക്കു കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ (എകെസിഡിഎ) ഭാരവാഹികളിൽ നിന്നോ ഡ്രഗ് ഇൻസ്പെക്ടർ ഓഫിസിൽ നിന്നോ സീൽ കൈപ്പറ്റാം.