തിരുവനന്തപുരം :ഓമിക്രോണ്‍ വകഭേദത്തിനെതിരെ മോണോക്ലോണല്‍ ആന്റിബോഡി കോക്ടെയ്ല്‍ ഫലപ്രദമല്ലെന്നു ആരോഗ്യ വകുപ്പ്. വന്‍തുക മുടക്കി എടുക്കേണ്ട ആന്റിബോഡി എന്നാല്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമല്ലെന്ന് വന്നാലോ? അത്തരം സംശയങ്ങല്‍ വ്യാപകമാകുമ്പോഴാണ് എന്‍.കെ പ്രേമചന്ദ്രന്‍ എംപിയും ഇതേക്കുറിച്ച് മനസ്സു തുറന്നത്. ഒരു മാസം മുമ്പ് 56,000 രൂപ കൊടുത്ത് ആന്റിബോഡി ഇന്‍ജെക്‌ട് ചെയ്തിട്ടും ഭാര്യക്ക് കോവിഡ് വന്നതിലാണ് എന്‍.കെ പ്രേമചന്ദ്രന്‍ അത്ഭുതം കൂറുന്നത്. ശാസ്ത്ര പരീക്ഷണങ്ങളെല്ലാം കേവലം നിഗമനങ്ങള്‍ മാത്രമാണെന്നും പറയുന്നു. ചുമയും ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തിയത്. മകനും രണ്ടാം തവണയാണ് കോവിഡ് വരുന്നത്. ആദ്യം വന്നപ്പോള്‍ സാരമായി തന്നെയാണ് മകന് വന്നത്. ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നു. തനിക്കും കോവിഡ് ആദ്യ ഘട്ടത്തില്‍ ഒന്ന് വന്ന് പോയിരുന്നെന്നും എംപി വ്യക്തമാക്കുന്നു.
അതേസമയം കൊറോണയുടെ ഓമിക്രോണ്‍ വകഭേദത്തിനെതിരെ മോണോക്ലോണല്‍ ആന്റിബോഡി കോക്ടെയ്ല്‍ ഫലപ്രദമല്ലെന്നു സംസ്ഥാന ആരോഗ്യ വകുപ്പും വ്യകതമാക്കുന്നത്. അനുബന്ധ രോഗമുള്ളവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ മൂര്‍ച്ഛിക്കാതിരിക്കാന്‍ തുടക്കത്തില്‍ തന്നെ ഉപയോഗിക്കുന്ന മരുന്നാണ് ഇതെന്നു വകുപ്പ് മാര്‍ഗരേഖയില്‍ വ്യക്തമാക്കി. ഇതിന്റെ അനാവശ്യമായ ഉപയോഗം ഒഴിവാക്കി അത്യാവശ്യമുള്ള രോഗികള്‍ക്കു നല്‍കുന്നതിനാണു മാര്‍ഗരേഖ പുറത്തിറക്കിയത്. സംശയമുള്ള സാഹചര്യങ്ങളില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ മെഡിക്കല്‍ ബോര്‍ഡുമായി ബന്ധപ്പെട്ടു തീരുമാനം എടുക്കണം. കോവിഡ് വാക്‌സീന്‍ സ്വീകരിച്ച ആളുകള്‍ക്ക് ഒമിക്രോണോ ഡെല്‍റ്റയോ ബാധിച്ചാലും രോഗ തീവ്രത കുറവായിരിക്കും. അവര്‍ ഗുരുതരാവസ്ഥയിലേക്കു പോകാനുള്ള സാധ്യത വിരളമായിരിക്കും. അവര്‍ക്ക് ആന്റിബോഡി കോക്ടെയ്ല്‍ കൊണ്ട് ഉപയോഗമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ വാക്‌സീന്‍ എടുക്കാത്ത ഉയര്‍ന്ന അപകട സാധ്യതയുള്ളവര്‍, വാക്‌സീന്‍ എടുത്തിട്ടുണ്ടെങ്കിലും ആന്റിബോഡി പ്രതിരോധം കുറവായിരിക്കാന്‍ സാധ്യതയുള്ളവര്‍ എന്നിവരിലാണ് ആന്റിബോഡി കോക്ടെയ്ല്‍ ചികിത്സ കൊണ്ടു കൂടുതല്‍ ഫലപ്രാപ്തി ലഭിക്കുന്നത്.
എച്ച്‌ഐവി ബാധിതര്‍, അര്‍ബുദ രോഗികള്‍, ഏറെക്കാലമായി സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവര്‍, അവയവം മാറ്റിവച്ച രോഗികള്‍, ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികള്‍, തീവ്രമായ കരള്‍ രോഗമുള്ളവര്‍, ഹൃദയത്തിന്റെ പ്രവര്‍ത്തനം വളരെ കുറഞ്ഞവര്‍, ശ്വാസകോശ സംബന്ധമായ ഗുരുതര രോഗമുള്ളവര്‍ എന്നിവരാണ് ഈ വിഭാഗത്തില്‍ പെടുന്നവര്‍. ഇവര്‍ക്ക് മോണോക്ലോണല്‍ ആന്റിബോഡി കോക്ടെയ്ല്‍ ഉപയോഗിക്കാം. ഒമിക്രോണും ഡെല്‍റ്റയും തിരിച്ചറിയാനായി എസ്ജിടിഎഫ് എന്ന സങ്കേതമോ ഒമിഷ്വര്‍ എന്ന ആര്‍ടിപിസിആര്‍ കിറ്റോ ഉപയോഗിക്കാം. ഈ പരിശോധന അടിസ്ഥാനമാക്കിയാകണം മോണോക്ലോണല്‍ ആന്റിബോഡി കോക്ടെയിലിന്റെ ഉപയോഗം. ഈ കിറ്റുകള്‍ ലഭ്യമല്ലാത്ത ആശുപത്രികളില്‍ ആന്റിബോഡി കോക്ടെയ്ലിന്റെ ഉപയോഗം പരമാവധി പ്രയോജനം ലഭിക്കുന്ന വിഭാഗത്തിലുള്ള രോഗികള്‍ക്കു മാത്രമേ നല്‍കാന്‍ പാടുള്ളൂ. സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കും ഈ മാര്‍ഗരേഖ ബാധകമാണ്.
കോവിഡിനെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച ഏറ്റവും പുതിയ രണ്ട് മരുന്നുകളാണ് ബാരിസിറ്റിനിബ്, സൊട്രോവിമാബ് എന്നിവ. അതില്‍ ഒന്ന് റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്ന രോഗത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ്. മറ്റൊന്ന് കൊറോണ വൈറസിനെ നേരിടാനായി നിര്‍മ്മിച്ചമോണോക്ലോണല്‍ ആന്റിബോഡി തെറാപ്പിയുമാണ്. യുഎസ് ആസ്ഥാനമായുള്ള റെജെനെറോണ്‍ നിര്‍മ്മിച്ച മറ്റൊരു മോണോക്ലോണല്‍ ആന്റിബോഡി ചികിത്സയാണ് കാസിരിവിമാബ് – ഇംഡെവിമാബ് എന്നിവയുടെ സംയോജനം. ഇത് ലോകാരോഗ്യ സംഘടന ഇതിനകം തന്നെ അംഗീകരിച്ചിട്ടുണ്ട്. തീവ്രമല്ലാത്ത കോവിഡ് രോഗികളില്‍ മോണോക്ലോണല്‍ ആന്റിബോഡി സോട്രോവിമാബ് ഉപയോഗിക്കുന്നതിനുള്ള ശുപാര്‍ശ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഓമിക്രോണ്‍ പോലുള്ള പുതിയ വകഭേദങ്ങള്‍ക്കെതിരെ ഈ മരുന്നുകള്‍ എത്രത്തോളം ഫലപ്രദമാണെന്ന് വ്യക്തമല്ല.