പത്തനംതിട്ട : സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനും അക്രമത്തിനുമെതിരെ ഐ എച്ച് ആർ ഡിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി ഐഎച്ച്ആർഡിയുടെ അടൂർ എഞ്ചിനിയറിഗ് കോളേജ് ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ വിവിധ മേഖലകളിൽ ബോധവൽക്കരണവും സ്നേഹത്തോൺ എന്ന പേരിൽ കൂട്ടയോട്ടവും സംഘടിപ്പിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയുടെ മുമ്പിൽ നിന്നും സിഐ അരുൺ ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച കൂട്ടയോട്ടം ടൗൺ സ്‌ക്വയറിൽ സമാപിച്ചു. തുടർന്ന് പ്രിൻസിപ്പൽ സ്നേഹ സന്ദേശം നൽകി.
പന്തളത്ത് സംഘടിപ്പിച്ച കൂട്ടയോട്ടം എൻ എസ് എസ് മെഡിക്കൽ മിഷൻ ആശുപത്രി ജങ്ഷനിൽ നിന്നും ആരംഭിച്ച് പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിച്ചു. പന്തളം സിഐ ടി ഡി പ്രജീഷ് ഫ്ലാഗ് ഓഫ് ചെയ്തു. മണക്കാലയിൽ സി എസ് ഐ പള്ളിയുടെ മുമ്പിൽ നിന്നും അടൂർ എസ്‌ഐ അനൂപ് ഫ്ലാഗ് ഓഫ് ചെയ്ത സ്നേഹത്തോൺ കൂട്ടയോട്ടം അടൂർ എഞ്ചിനിയറിംഗ് കോളേജിൽ സമാപിച്ചു. തുടർന്ന് കോളേജിന് ചുറ്റും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്നേഹ മതിൽ തീർത്തു. തുടർന്ന് കോളേജ് ക്യാമ്പസിൽ നടന്ന സ്നേഹ സംഗമത്തിൽ ലഹരിയുടെ വ്യാപത്തിനെതിരെ ബോധവൽക്കരണം നടന്നു.