ചെങ്ങന്നൂര്‍ : ജനങ്ങൾ തെരഞ്ഞെടുത്ത മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികൾ ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നില്ല, എന്നുമാത്രമല്ല ജനത്തിന് എതിരെ സംസാരിക്കുന്നു എന്നത് ഗൗരവപൂർവം ചിന്തിക്കേണ്ട കാര്യമാണ്. ഇടതു പക്ഷ നേതാക്കന്മാരുടെ ഭാഷ റിയൽഎസ്റ്റേറ്റ് ദല്ലാളന്മാരുടെ ഭാഷയാണെന്നും ജോസഫ് സി മാത്യു പറഞ്ഞു. കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കൊഴുവല്ലൂർ യൂണിറ്റുകൾ സർക്കാർ നടത്തുന്ന നിയമവിരുദ്ധ ഭൂമിപിടിച്ചെടുക്കലിനും എതിർക്കുന്നവർക്ക് നേരെ പോലീസും സിപിഎം ഗുണ്ടകളും നടത്തുന്ന ആക്രമണങ്ങൾക്കും എതിരെ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കുന്ന നിയമത്തിനെതിരെ ഇടതുപക്ഷം ഒരിക്കൽ സമരം ചെയ്തുവെങ്കിൽ അതേ നിയമം കൊണ്ട് തന്നെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടയാണ് ഇന്നവർ അനുവർത്തിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് അംഗം തോമസ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ മുഖ്യപ്രസംഗം നടത്തി. ജില്ലാ രക്ഷാധികാരികളായ ആർ.പാർഥസാരഥി വർമ്മ, എസ്.സൗഭാഗ്യകുമാരി, ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ, പത്തനംതിട്ട ജില്ല ചെയർമാൻ മുരുകേഷ് നടയ്ക്കൽ, ഫിലിപ്പ് വർഗീസ്, സിന്ധു ജേയിംസ്, റെജി തോമസ് എന്നിവർ പ്രസംഗിച്ചു. നൂറു കണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു.