കോന്നി : കൂടലിൽ സർക്കാർ ഭൂമി കയ്യേറി ഷെഡ് നിർമ്മിക്കുകയും അയൽവാസികളുടെ സ്വൈര്യ ജീവിതത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്‌തമായ നിയമ നടപടി സ്വീകരിക്കണമെന്ന് സി പി ഐ കൂടൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കൂടൽ സ്റ്റേഡിയം ജംഗ്ഷനിൽ പഞ്ചായത്ത് വക സ്ഥലത്താണ് കുറച്ച് ആളുകൾ ചേർന്ന് രാത്രിയെന്നും പകലെന്നും വത്യാസമില്ലാതെ ഷെഡ് നിർമ്മിച്ച് മദ്യപാനം, അസഭ്യ വർഷം ഉൾപ്പെടെയുള്ള സാമൂഹ്യ വിരുദ്ധ ശല്യം തുടരുന്നത്.
ഇത് സംബന്ധിച്ച് കൂടൽ പോലീസ് കലഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറി, ആർ ഡി ഓ, തഹൽസീദാർ തുടങ്ങി ബന്ധപെട്ട അധികാരികൾക്ക് അയൽവാസി പരാതി നൽകിയിട്ടും യാതൊരു ഫലവുമുണ്ടായില്ല. സാമൂഹ്യ വിരുദ്ധരുടെ ശല്യം കാരണം രാത്രിസമയത്തും പകലും പുറത്തിറങ്ങാൻ പോലും ഈ പ്രദേശത്തെ സ്ത്രീകൾക്ക് ഭയമാണ്. സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണം എന്നും സി പി ഐ കൂടൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.