റാന്നി: രാജ്യത്ത് കോര്‍പറേറ്റുകളെ സംരക്ഷിക്കാന്‍ അധികാരവര്‍ഗ്ഗം തൊഴിലാളി വിരുദ്ധ നയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് രാജു എബ്രഹാം എക്‌സ് എം.എല്‍.എ പറഞ്ഞു. ഇടതു തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ മെയ്ദിനത്തോടനുബന്ധിച്ച് റാന്നിയില്‍ നടത്തിയ സംയുക്ത റാലിക്ക് ശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പറേറ്റുകള്‍ക്ക് തൊഴില്‍ നിയമങ്ങളില്‍ പല ഇളവുകള്‍ നല്‍കുമ്പോഴും തൊഴിലാളികളുടെ അവകാശങ്ങള്‍ പലപ്പോഴും അവഗണിക്കുകയാണ്. ഇക്കൂട്ടരുടെ പ്രധാന ആവശ്യം തൊഴിലാളികളുടെ പണിമുടക്ക് നിരോധിക്കണമെന്നാണ്. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാനും അവകാശപ്പെട്ട കൂലി നല്‍കാതിരിക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലും കൂലിയും സംരക്ഷിക്കാനും സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കാനുമായി രാജ്യത്ത് വിവിധ തൊഴിലാളി സംഘടനകളുടെ വിശാലമായ കൂട്ടായ്മകള്‍ രൂപപ്പെട്ടുകഴിഞ്ഞതായി മുഖ്യ പ്രഭാക്ഷണം നടത്തിയ അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. ഇത്തരത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാജ്യത്തുടനീളം നടന്നുവരുന്ന സമരങ്ങള്‍ കൂടുതല്‍ യോജിപ്പോടെ കൊണ്ടു പോകാന്‍ ജാഗ്രതയോടുള്ള പ്രവര്‍ത്തനം ഓരോ തൊഴിലാളികളും സംഘടനകളും കാട്ടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴിലാളികള്‍ക്ക് വീടും സ്ഥലവും വിദ്യാഭ്യാസവും മികച്ച ചികില്‍സയും നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ക്ക് വന്‍ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എ.ഐ.ടി.യു.സി റാന്നി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.കെ സുരേന്ദ്രന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, കേരള കോണ്‍ഗ്രസ്(എം) നിയോജകമണ്ഡലം പ്രസിഡന്റ് ആലിച്ചന്‍ ആറൊന്നില്‍, സി.പി.എം ജില്ലാ കമ്മറ്റിയംഗം കോമളം അനിരുദ്ധന്‍, സന്തോഷ് കെ.ചാണ്ടി, വി.കെ സണ്ണി, എസ്. ആര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇട്ടിയപ്പാറയിലേയ്ക്ക് നൂറ് കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത മെയ്ദിന റാലിയും നടന്നു. റാലിക്ക് വി.ടി ലാലച്ചന്‍, നിസാംകുട്ടി, ആര്‍ സുരേഷ്, ടി.പി അനില്‍കുമാര്‍, ജോര്‍ജ് മാത്യു, അജയന്‍ എസ്.പണിക്കര്‍, ജിതിന്‍രാജ്, എസ്.എസ് സുരേഷ്, ബിബിന്‍ കല്ലംപറമ്പില്‍, അനില്‍ അത്തിക്കയം, ഹാപ്പി പ്ലാച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.