റാന്നി: റാന്നി മുക്കാലുമണ്ണ് ജങ്‌ഷനില്‍ പോലീസ് സംഘത്തിന് നേരെ ആക്രമണം നടത്തിയ പ്രതികളെ പോലീസ് പിടികൂടി. ഗ്രേഡ് എസ്.ഐ ജേക്കബ് തോമസിനും കൂടെയുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. സ്ഥലത്ത് സാമുഹിക വിരുദ്ധ ശല്യം രൂക്ഷമാണ്. പോലീസ് പെട്രോളിംങ്ങും ശക്തമാണ്. ജംഗ്ഷനിൽ കുറച്ചു പേർ ചേർന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് നാട്ടുകാര്‍ വിളിച്ചതനുസരിച്ച് പോയ പോലീസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം.
വഴിയരികില്‍ കണ്ട യുവാക്കളോട് എന്താണ് ഇവിടെ നില്‍ക്കുന്നതന്ന് ചോദിച്ചപ്പോള്‍ എസ്.ഐയുടെ കോളറില്‍ കയറി പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തുടർന്ന് പോലീസും യുവാക്കളുമായിട്ടുള്ള വാക്കുതർക്കം സംഘര്‍ഷമായി മാറി.
വിവരം അറിയിച്ചത് അനുസരിച്ച് സ്‌റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസെത്തി മൂന്നു യുവാക്കളെ കസ്‌റ്റഡിയില്‍ എടുത്തു. കണ്ണംപള്ളി കുറ്റിക്കാലായില്‍ സഞ്ചു കെ. സാബു(25), വലിയകുളം കുട്ടി മുരുപ്പേല്‍ ആശിഷ് സതീഷ് (22), മുക്കാലുമണ്‍ തുണ്ടിയില്‍ വിശാഖ്(28) എന്നിവര്‍ക്കെതിരേയാണ് കേസ് എടുത്തത്.