കോന്നി : മുറിഞ്ഞകല്ലിലെ അതിദാരുണമായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ ആൻ്റോ ആൻ്റണി എംപി ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. ദൗർഭാഗ്യകരമായ ഈ സംഭവം റോഡ് നിർമ്മാണത്തിലും അറ്റകുറ്റപ്പണികളിലും സുരക്ഷ ഉറപ്പാക്കേണ്ടതിൻ്റെ അടിയന്തിര ആവശ്യത്തിലേക്ക് ഒരിക്കൽ കൂടി അദ്ദേഹം ശ്രദ്ധ ക്ഷണിച്ചു. ഈ അപകടത്തിൽ ഉണ്ടായ ജീവഹാനികളിൽ അതീവ ദുഖമുണ്ടെന്ന് ആൻ്റോ ആൻ്റണി പറഞ്ഞു. ഈ ദുഃഖസമയത്ത് തൻ്റെ ചിന്തകളും പ്രാർത്ഥനകളും ദുഃഖിതരായ കുടുംബാംഗങ്ങൾക്കൊപ്പമുണ്ട്. റോഡ് നിർമ്മാണ സമയത്ത് സംസ്ഥാന സർക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം വിമർശിച്ചു. ഈ ദുരന്തം റോഡ് നിർമ്മാണത്തിന്റെ നിർവ്വഹണത്തിലുഉള്ള ഗുരുതരമായ പിഴവുകളെയാണ് ചൂണ്ടിക്കാട്ടുന്നത്.
റോഡ് നിർമ്മാണം ആരംഭിച്ച അന്ന് മുതൽ തന്നെ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലി ക്കണമെന്ന് താൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. റോഡ് നിർമ്മാണം പൂർത്തീകരിച്ച് അന്നുമുതൽ ഇന്നുവരെ നിരവധി അപകടങ്ങളാണ് പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ഉണ്ടായിട്ടുള്ളത്. ഇത്രയും അപകടങ്ങൾ നിരന്തരമായി ഉണ്ടായിട്ടും നാളിതുവരെ ആയിട്ടും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല. റോഡിന്റെ ആവശ്യമായ ഭാഗങ്ങളിൽ സൈൻ ബോർഡുകളോ, ക്രാഷ് ബാരിയറുകളോ, ആവശ്യത്തിന് ക്യാമറകളോ പോലും കൃത്യമായി സ്ഥാപിച്ചിട്ടില്ല. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുമ്പോഴും കൂടുതൽ വാഹനാപകടങ്ങളും പകൽ സമയങ്ങളിലാണ് നടന്നിരിക്കുന്നത്.
അപകടകാരണങ്ങളെക്കുറിച്ച് അടിയന്തിരവും സുതാര്യവുമായ അന്വേഷണം നടത്തുകയും അലൈൻമെന്റിലെ അപാകതകൾ പരിഹരിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിന് അടിയന്തിരമായി ഉന്നത തലയോഗം വിളിക്കണമെന്നും എംപി പറഞ്ഞു.