പത്തനംതിട്ട: തലമുറകളായി കൃഷിക്കാർ കൈവശംവച്ചനുഭവിക്കുകയും താമസിച്ചു വരുന്നതുമായ ആരബിൾ ഭൂമി റിസർവ്വ് വനമാണെന്നു തീരുമാനിച്ചു പുറത്തിറക്കിയ ഗവണ്മെന്റ് ഉത്തരവ് പിൻവലിക്കാതെ പ്രശ്നപരിഹാരമാകുന്നില്ലെന്ന് ആന്റോ ആന്റണി എംപി.
ഉത്തരവിറക്കിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതുകൊണ്ട് പ്രശ്നം പരിഹരിക്കില്ല. നിലവിലുളള ഈ ഉത്തരവു നിലനിൽക്കുന്നിടത്തോളം കാലം ആയിരക്കണക്കിനു കൃഷിക്കാർക്ക് അവരുടെ ഭൂമി ക്രയവിക്രയം ചെയ്യാനോ വായ്പയെടുക്കാൻ ബാങ്കുകളെ സമീപിക്കാനോ സാധിക്കില്ല. ഭൂമിയിലെ അവകാശം അവർക്ക് നഷ്ടപ്പെടുത്തിയ ഉത്തരവാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ആ ഉത്തരവ് പിൻവലിച്ചുകൊണ്ട് കൃഷികാർക്കുളള ഭൂമിയിലെ അവകാശം പുനഃസ്ഥാപിക്കേണ്ടതിനു പകരം ഡിഎഫ്ഒ അടക്കമുളള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരിക്കുകയാണ്. ഉത്തരവ് നിയമപരമല്ലെന്ന് മന്ത്രിയും വ്യക്തമാക്കിയതാണ്. പക്ഷേ ഇത് പിൻവലിക്കാൻ തയ്യാറാകാത്തത് ദുരൂഹമാണ്. കാട്ടുമൃഗശല്യവും പ്രകൃതിക്ഷോഭവും വിലത്തകർച്ചയും കാരണം ദുരിതത്തിലായ കൃഷിക്കാരെ കബളിപ്പിക്കുന്ന സമീപനത്തിൽ നിന്ന് ഗവണ്മെന്റ് പുറകോട്ട് പോകണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു.