ന്യൂയോര്‍ക്ക് : ലെബനനില്‍ ഇസ്രയേല്‍ യു.എന്നിന്റെ ദൗത്യസേനയ്ക്ക് നേരെ നടത്തുന്ന ആക്രമണം യുദ്ധക്കുറ്റത്തിന് സമാനമാണെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ്. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഗുട്ടറസിന്റെ പ്രതികരണം. ഐക്യാരാഷ്ട്രസഭയുടെ സ്ഥാപനങ്ങളുടേയും അംഗങ്ങളുടേയും സുരക്ഷ പ്രധാനമാണെന്നും അതിനാല്‍ തന്നെ ദൗത്യ സേനാംഗങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും യുദ്ധക്കുറ്റവുമാണെന്ന് ഗുട്ടറസ് എക്‌സില്‍ കുറിച്ചു. ഇസ്രയേല്‍ ഐക്യാരാഷ്ട്രസഭ തലവന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഗുട്ടറസിന്റെ പ്രതികരണം. ‘യു.എന്‍ ഉദ്യോഗസ്ഥരുടെയും സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കണം. യു.എന്നിന്റെ കീഴിലുള്ള പ്രദേശങ്ങളുടെ അതിര്‍വരമ്പ് എല്ലായ്പ്പോഴും മാനിക്കപ്പെടേണ്ടതാണ്. സമാധാന സേനാംഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്, അത് യുദ്ധക്കുറ്റമായി കണക്കാക്കും. യൂണിഫില്‍ ഉദ്യോഗസ്ഥരെയും അവരുടെ പരിസരങ്ങളെയും ഒരിക്കലും ലക്ഷ്യം വെക്കാന്‍ പാടില്ല,’ ഗുട്ടറസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കുറിപ്പില്‍ പറയുന്നു. ഇസ്രയേലില്‍ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തെ അപലപിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇസ്രയേല്‍ ഗുട്ടറസിനെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയത്. മിസൈലാക്രമണത്തിന് മുന്നോടിയായി ഗാസയിലും ലെബനനിലും ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ഗുട്ടറസ് അപലപിച്ചിരുന്നു. ഗുട്ടറസിന് പുറമെ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റുമായി നടത്തിയ ടെലിഫോണില്‍ സംഭാഷണത്തില്‍ യൂണിഫില്‍ സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തെക്കന്‍ ലെബനനിലെ യൂണിഫില്‍ (യു.എന്‍ ഇന്ററിം ഫോഴ്സ് ഇന്‍ ലെബനന്‍) ആസ്ഥാനത്ത് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ദൗത്യസേന അംഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. തെക്കന്‍ ലെബനനിലെ നഖൂരയില്‍ സ്ഥിതി ചെയ്യുന്ന ഗ്രൂപ്പിന്റെ ആസ്ഥാനത്തെ ഗാര്‍ഡ് ടവറിന് നേരെയാണ് ആക്രമണമുണ്ടായത്. എന്നാല്‍ പരിക്കുകള്‍ ഗുരുതരമായിരുന്നില്ല. അതേസമയം ദൗത്യസേനയുടെ ആസ്ഥാനം ലക്ഷ്യമാക്കി ഇസ്രയേല്‍ സൈന്യം മനപ്പൂര്‍വം വെടിയുതിര്‍ക്കുകയായിരുന്നെന്ന് യൂണിഫില്‍ വക്താവ് ആന്‍ഡ്രിയ ടെനെന്റി വെളിപ്പെടുത്തിയിരുന്നു. ലെബനനില്‍ നിന്ന് ദൗത്യസേനയെ പിന്‍വലിക്കണമെന്ന് ഇസ്രയേല്‍ പലതവണ ഭീഷണി മുഴക്കിയിരുന്നെങ്കിലും അയര്‍ലന്‍ഡ് ഈ ആവശ്യത്തെ തള്ളുകയായിരുന്നു. 1978ലാണ് ഐക്യരാഷ്ട്ര സംഘടന യൂണിഫില്‍ എന്ന പേരില്‍ പ്രത്യേക ദൗത്യസംഘത്തെ ലെബനനിലേക്ക് സമാധാന സംരക്ഷണത്തിന്റെ ഭാഗമായി അയക്കുന്നത്. ലെബനനില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ തിരിച്ചയയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. നിലവില്‍ 10,000 സൈനികര്‍ ഈ സേനയുടെ ഭാഗമായി ലെബനനിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും ഇറ്റാലിയന്‍ സൈനികരാണ്. സേനയില്‍ ഇന്ത്യക്കാരും ആംഗങ്ങളാണ്. ലെഫ്. ജനറല്‍ അരോള്‍ഡോ ലസാറോ സെയ്ന്‍സ് ആണ് സേനയുടെ മേധാവി.