തിരുവനന്തപുരം : തൊണ്ടിമുതല്‍ ക്രമക്കേട് കേസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന് കുരുക്കായി കൈയ്യക്ഷരത്തിന്റെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. തൊണ്ടിമുതല്‍ കൈക്കലാക്കാന്‍ തൊണ്ടി രജിസ്റ്ററില്‍ ഒപ്പിട്ടു നല്‍കിയത് ആന്‍റണി രാജു വാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ശാസ്ത്രീയ തെളിവുകള്‍ എല്ലാം ശേഖരിച്ചാണ് ആന്റണി രാജുവിനെ പ്രതിചേര്‍ത്തത്. അഞ്ചുതവണ ആന്‍റണി രാജുവിനെ കൊണ്ട് എഴുതിപ്പിച്ചാണ് കൈയ്യക്ഷരം ഫോറന്‍സിക് പരിശോധനയിലൂടെ കണ്ടെത്തിയത്.
ലഹരിക്കടത്തില്‍ കുടുങ്ങിയ വിദേശിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതല്‍ മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ മാറ്റം വരുത്തിയതിന്റെ വിശദാംശങ്ങളടങ്ങിയ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അടിവസ്ത്രത്തിലെ അടിഭാഗത്തെ തുന്നലുകളും, വസ്ത്രത്തിന്റെ മറ്റു ഭാഗത്തെ തുന്നലുകളും തമ്മില്‍ വ്യത്യാസമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം ഫൊറന്‍സിക് ലാബ് 1996ല്‍ നല്‍കിയതാണ് റിപ്പോര്‍ട്ട്.