തിരുവനന്തപുരം : ബസുകള്‍ അനധികൃതമായി രൂപമാറ്റം വരുത്തിയാല്‍ ഓരോ രൂപമാറ്റത്തിനും 10,000 രൂപ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. രൂപമാറ്റം വരുത്തിയാല്‍ 5000 രൂപയാണ് നിലവില്‍ പിഴ ഈടാക്കുന്നത്. നിയമലംഘനത്തെ കര്‍ശനമായി നേരിടാനാണു പിഴയില്‍ വര്‍ധനവ് വരുത്തുന്നത്. വേഗത നിയന്ത്രിക്കുന്ന സ്പീഡ് ഗവേര്‍ണറില്‍ ക്രമക്കേടുകള്‍ കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വടക്കഞ്ചേരി ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാന്‍ ഉന്നത തലയോഗം ചേര്‍ന്നു. അപകട സമയത്ത് വാഹനത്തിന്‍റെ വേഗത നിയന്ത്രിക്കുന്ന ഇലക്‌ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റില്‍ അനധികൃതമായി മാറ്റം വരുത്തിയതായി കണ്ടെത്തി. ഇതിന് കാരണക്കാരായ വാഹന ഡീലര്‍, വര്‍ക്ക്ഷോപ്പ് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കതിരെ നിയമ നടപടികള്‍ കൈക്കൊള്ളുന്നതിന് പോലീസില്‍ പരാതി നല്‍കുവാന്‍ പാലക്കാട് എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒ.യെ ചുമതലപ്പെടുത്തി.