കൊച്ചി : മുൻമന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം എം എൽ എ, എം പി എന്നിവർക്കുള്ള കോടതിയിലേയ്ക്ക് കേസ് മാറ്റണമെന്ന് ആൻ്റണി രാജുവിന്റെ അഭിഭാഷകൻ അവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജി ഇന്ന് കോടതിയിൽ സമർപ്പിക്കും.34 വർഷം പഴക്കമുള്ള കേസിന്റെ വിചാരണ തീയതി ഇന്ന് തീരുമാനിച്ചേക്കും. 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദോറിനെ രക്ഷിക്കാൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചെന്നാണ് കേസ്. ഇത് വ്യാജ തൊണ്ടിയാണെന്നുള്ള വാദം കണക്കിലെടുത്ത കോടതി വിദേശിയെ വെറുതെവിട്ടിരുന്നു. എന്നാൽ 1994-ൽ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന പരാതിയിൽ തിരുവനന്തപുരം വഞ്ചിയൂർ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
കേസിൽ കുറ്റപത്രം നൽകാൻ 12 വർഷമെടുത്തു. ഒടുവിൽ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് കേസ് വീണ്ടും കോടതിയിലെത്തിയത്. കോടതിയിൽ സൂക്ഷിച്ചിരുന്ന അടിവസ്ത്രം ക്ലർക്കിന്റെ സഹായത്തോടെ വാങ്ങിയ ആന്റണി രാജു അത് വെട്ടിച്ചെറുതാക്കിയെന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. ഗൂഢാലോചന, രേഖകളിൽ കൃത്രിമം, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.