തിരുവനന്തപുരം : പോപുലർ ഫ്രണ്ട് നടത്തുന്ന ഹർത്താലിനെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസുകൾ നിർത്തിവെക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകൾക്ക് നേരെ വ്യാപകമായി കല്ലേറുണ്ടാകുന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ബസുകൾക്കുണ്ടായ നഷ്ടപരിഹാരം പ്രതികളിൽ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ട്. രണ്ടു ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം ബാലരമപുരം കല്ലമ്പലത്ത് ബൈക്കിലെത്തിയ സംഘം ബസിന് നേരെ കല്ലെറിഞ്ഞു. ഡ്രൈവർ സുനിൽ കുമാറിന് കണ്ണിനാണ് പരിക്കേറ്റത്.