പത്തനംതിട്ട : യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ വൻ ഭൂരിപക്ഷത്തോടെയുള്ള പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ വിജയം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിന് എതിരായ വിധിയെഴുത്തും എം.പി എന്ന നിലയിൽ ആന്റോ ആന്റണി മണ്ഡലത്തിലും പാർലമെന്റിലും നടത്തിയ മികച്ച പ്രവർത്തനത്തിനുള്ള ജനങ്ങളുടെ അംഗീകാരവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. അഹന്തയും ധിക്കാരവും നിറഞ്ഞ ഭരണകൂടങ്ങളെ ജനങ്ങൾ അംഗീകരിക്കില്ല എന്നതിന്റെ തെളിവാണ് എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യാ മുന്നണി ലോക്സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിലും കേരളത്തിലും നേടിയ തിളക്കമാർന്ന വിജയമെന്ന് ഡി.സി സി. പ്രസിഡന്റ് പറഞ്ഞു.
പത്തനംതിട്ടയിൽ ബൂത്ത്തലം മുതലുള്ള കോൺഗ്രസ്, ഘടക കക്ഷി നേതാക്കളുടേയും പ്രവർത്തകരുടേയും എണ്ണയിട്ട യന്ത്രം പോലെയുള്ള കൂട്ടായ പ്രവർത്തനമാണ് ആന്റോ ആന്റണിയുടെ കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാൾ മികച്ച ഭൂരിപക്ഷത്തോടെയുള്ള വിജയമെന്ന് പ്രൊഫ സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു. പത്തനംതിട്ട ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്ത വൻ ഭൂരിപക്ഷം നല്കി വിജയിപ്പിച്ച യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും ലോകസഭാ നിയോജക മണ്ഡലത്തിലെ ജനാധിപത്യ വിശ്വാസികളായ പ്രബുദ്ധ വോട്ടർ മാക്ക് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ, സംഘടനാ ചുമതല വഹിക്കുന്ന ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ നന്ദി രേഖപ്പെടുത്തി. ഒത്തൊരുമയോടയുള്ള പ്രവർത്തനം വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിയമാസഭാ തെരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിക്കുവാൻ വഴി തുറക്കുമെന്ന് ഡി.സി.സി പ്രസിഡന്റും ജനറൽ സെക്രട്ടറിയും പറഞ്ഞു.