ചെന്നൈ: കേരളത്തിൽ നിന്നുൾപ്പെടെ അനേകം യാത്രക്കാർക്ക് ആശ്രയമായ അന്ത്യോദയ എക്‌സ്‌പ്രസ് ട്രെയിൻ പത്ത് ദിവസത്തേയ്ക്ക് റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ. താംബരത്തിനും നാഗർകോവിലിനുമിടയിൽ ഓടുന്ന ട്രെയിനാണ് റദ്ദാക്കിയത്. പാത വികസനപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സർവീസ് നിർത്തുന്നുവെന്നാണ് റെയിൽവേയുടെ വിശദീകരണം. ഇന്നുമുതൽ ജൂലായ് 31വരെയാണ് ട്രെയിൻ റദ്ദാക്കിയത്. ഈ കാലയളവിൽ താംബരത്തുനിന്ന് വൈകിട്ട് 7.30ന് പുറപ്പെടുന്ന അന്ത്യോദയ എക്‌സ്‌പ്രസ് ജൂലായ് 24,28,29, 31 തീയതികളിൽ ചെന്നൈ എഗ്മോറിൽ നിന്ന് വൈകിട്ട് ഏഴ് മണിക്ക് പുറപ്പെടും. നാഗർകോവിലിൽ നിന്ന് താംബരത്തേയ്ക്കുള്ള ട്രെയിൻ ചെന്നൈ വൈകിട്ട് 4.30ന് എഗ്മോറിലും എത്തിച്ചേരും.
താംബരത്ത് എഞ്ചിനീയറിംഗ്, സിഗ്നൽ മെച്ചപ്പെടുത്തൽ ജോലികൾ നടക്കുന്നതിനാൽ ചെന്നൈയിലേക്കുള്ള മറ്റ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയോ വൈകുകയോ ചെയ്യുമെന്നും റെയിൽവേ അറിയിച്ചു. സെങ്കോട്ടൈ-താംബരം എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 20684) ജൂലായ് 22, 24,26,27,29,31 തീയതികളിൽ വില്ലുപുരത്ത് താത്‌കാലികമായി നിർത്തിയിടും. താംബരം-സെങ്കോട്ടൈ എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 20683) താംബരത്തിന് പകരം ജൂലായ് 24,25,28,30 തീയതികളിൽ വില്ലുപുരത്തുനിന്ന് പുറപ്പെടും.