തിരുവനന്തപുരം : ദത്തുവിവാദത്തിൽ പരാതിക്കാരി അനുപമ എസ് ചന്ദ്രൻ വീണ്ടും സമരത്തിനൊരുങ്ങുന്നു. ശിശുക്ഷേമസമിതിക്കു മുന്നില്‍ സമരം നടത്താനാണ് നീക്കം. ജനറൽ സെക്രട്ടറി, സിഡബ്ള്യുസി അധ്യക്ഷ എന്നിവരെ മാറ്റുക, കുഞ്ഞിനെ സര്‍ക്കാര്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇരുവരും അധികാര സ്ഥാനത്ത് തുടരുന്നത് തെളിവുകൾ അട്ടിമറിക്കാനാണ്. സര്‍ക്കാര്‍ ആദ്യം പറഞ്ഞപോലെയല്ല അന്വേഷണം നീങ്ങുന്നതെന്നും അനുപമ ആരോപിച്ചു.
കുഞ്ഞിനെ ദത്തുകൊടുത്തതിനെക്കുറിച്ചുള്ള പോലീസിന്റെ ചോദ്യത്തിനു നിയമപരിരക്ഷ ചൂണ്ടിക്കാട്ടി ശിശുക്ഷേമസമിതി മറുപടി നിഷേധിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും മറുപടി നൽകിയില്ല. അനുപമയുടെ പരാതിയിൽ പറയുന്ന ദിവസം രാത്രി അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആൺകുഞ്ഞിനെ ലഭിച്ചെന്നാണു സമിതിയുടെ മറുപടി.
എന്നാൽ കുഞ്ഞ് ഇപ്പോൾ എവിടെയാണെന്നും ആർക്കെങ്കിലും ദത്ത് നൽകിയിട്ടുണ്ടോയെന്നുമുള്ള ചോദ്യങ്ങൾക്കു സമിതി മറുപടി നൽകിയിരുന്നില്ല. ഇതിനു മറുപടി പറയാതിരിക്കാൻ നിയമപരിരക്ഷയുണ്ടെന്നും ആവശ്യമെങ്കിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിക്കാനുമായിരുന്നു സമിതി പോലീസിനെ അറിയിച്ചത്. തുടർന്നു ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു പോലീസ് കത്ത് നൽകിയിരുന്നെങ്കിലും ഇതിനുള്ള മറുപടിയും ലഭിച്ചിരുന്നില്ല.