കൊച്ചി : ഒടുവിൽ ആ അപൂർവ്വ രക്തം കൊച്ചിയിലെത്തി. ശസ്ത്രക്രിയയ്ക്ക് പി നള്‍ എന്ന അപൂര്‍വ രക്തം ലഭിക്കാന്‍ കാത്തിരുന്ന അഞ്ചുവയസ്സുകാരിയ്ക്ക് ഒടുവില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും ദാതാവിനെ ലഭിച്ചു. മലപ്പുറം സ്വദേശിയായ അനുഷ്‌കയുടെ ശസ്ത്രക്രിയയ്ക്കായി രക്തം കണ്ടെത്താന്‍ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഈ മാസം അഞ്ചിനാണ് ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ഫേസ്ബുക്കില്‍ പി നള്‍ ഗ്രൂപ്പിലുള്ള രക്തം ആവശ്യപ്പെട്ട് പോസ്റ്റ് ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുയും ചെയ്തു.
കഴിഞ്ഞദിവസം നാസിക് സ്വദേശി രക്തം നല്‍കാന്‍ സന്നദ്ധത അറിയിച്ചു. മുംബൈയിലെ ആശുപത്രിയിലെത്തി രക്തം നല്‍കി. തുടര്‍ന്ന് വിമാനമാര്‍ഗം നെടുമ്പാശ്ശേരി വിമാനത്താവളം വഴി രക്തം അമൃത ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കുട്ടിയുടെ ആദ്യഘട്ട ശസ്ത്രക്രിയ കഴിഞ്ഞദിവസം നടത്തിയിരുന്നു. കുട്ടിയുടെ തന്നെ രക്തം സമാഹരിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം രണ്ടാംഘട്ട ശസ്ത്രക്രിയ നടത്തുവാനാണ് നീക്കം. തലയോട്ടിയുടെ ഭാഗങ്ങള്‍ ചേര്‍ക്കുക എന്നുള്ളതാണ് അടുത്തഘട്ടം.
ഗുജറാത്തില്‍ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി സന്തോഷ് നായരുടെ മകളാണ് അനുഷ്‌ക. 2019 ജൂലായില്‍ ഗുജറാത്തില്‍ വെച്ച് കളിക്കുന്നതിനിടെ വീടിന്റെ ടെറസില്‍നിന്നു വീണ് തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. കുട്ടി 25 ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു. ഗുജറാത്തിലെ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നെങ്കിലും പിന്നീട് അണുബാധയുണ്ടായി. തുടര്‍ന്ന് ഏപ്രില്‍ 23നാണ് കുട്ടിയെ അമൃതയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.