കണ്ണൂര്‍ : ശ്രവണ സഹായി കേടായതോടെ ഒരു വര്‍ഷത്തോളമായി കേൾവി ശക്തി അന്യമായ കണ്ണൂര്‍ എളയാവൂരിലെ അനുഷ്കയ്ക്ക് ഇനി കേൾക്കാം. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പ്രവാസി, പുതിയ ഉപകരണത്തിനുളള മൂന്നര ലക്ഷം രൂപ നൽകി. സംസ്ഥാന സർക്കാരിന്‍റെ ശ്രുതിതരംഗം പദ്ധതിയിൽ അനുഷ്കയ്ക്കായി അപേക്ഷ നൽകി ഒരു വർഷം കഴിഞ്ഞിട്ടും ഫലമുണ്ടായിരുന്നില്ല. കോക്ലിയർ ഇംപ്ലാന്‍റ് ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളാണ് ശ്രവണ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി കാത്തിരിക്കുന്നത്. ഉപകരണങ്ങൾ വൈകാതെ നൽകുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് പറയുമ്പോഴും നടപടികൾ വേഗത്തിലല്ലെന്നതാണ് പ്രതിസന്ധി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കാതടഞ്ഞു പോയതാണ് അനുഷ്‌കയ്ക്ക്. കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയിലൂടെ കേൾവി തിരിച്ചുകിട്ടി. പക്ഷെ ഉപകരണങ്ങൾ കേടായതോടെ പത്ത് വർഷമായി കേട്ട ശബ്ദങ്ങൾ അകന്നു.
സ്കൂളിൽ പോകാതായി, ആരോടും അധികം മിണ്ടാതെയുമായി. ഉപകരണങ്ങൾ നന്നാക്കാൻ 1.75 ലക്ഷം രൂപയാണ് വേണ്ടിയിരുന്നത്. മെക്കാനിക്കൽ വർക്‌ഷോപ് ജീവനക്കാരനായ അച്ഛന് ഈ തുക താങ്ങാവുന്നതിലും ഏറെയായിരുന്നു. അനുഷ്കയുടെ ഉപകരണങ്ങൾ 2022 നവംബറിലാണ് തകരാറിലായത്. കോഴിക്കോട് മെഡിക്കൽ കോളേജ് വഴി സാമൂഹിക സുരക്ഷാ മിഷനിൽ അപേക്ഷ നൽകിയിരുന്നു. അനുഷ്കയുടെ പേരിൽ കണ്ണൂർ കോർപ്പറേഷനും ആരോഗ്യ മിഷനിലേക്ക് പണമടച്ചു. എന്നിട്ടും നടപടിയായില്ല. ശ്രുതിതരംഗം പദ്ധതി സാമൂഹിക സുരക്ഷാ മിഷനിൽ നിന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കീഴിലായതോടെ ഫണ്ട് കൈമാറ്റവും കമ്പനികളുമായി ധാരണയിലെത്താത്തതും തടസ്സങ്ങളായി. കമ്പനികളുമായി കരാറായെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും കുട്ടികൾക്ക് ഉപകരണങ്ങൾ കിട്ടിയില്ല.