ലോകത്തെവിടെയും വലിയ രീതിയില്‍ പ്രേക്ഷകസ്വീകാര്യത ലഭിച്ചിട്ടുള്ള ഒന്നാണ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രങ്ങള്‍. മലയാളത്തിലും ഇത്തരം ചിത്രങ്ങള്‍ക്ക് എക്കാലവും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത അന്വേഷിപ്പിന്‍ കണ്ടെത്തും രണ്ടു കൊലപാതക കേസുകളുടെ ചുരുളഴിക്കുന്നതിനൊപ്പം ഒരു പോലീസുകാരന്റെ ജീവിതം കൂടി പറഞ്ഞുപോവുന്നു. ഏറെക്കാലം മലയാള സിനിമാലോകത്ത് സംവിധാന സഹായിയായി പ്രവര്‍ത്തിച്ച അനുഭവ സമ്പത്തോടെയാണ് ഡാര്‍വിന്‍ എത്തിയിരിക്കുന്നത്. തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു.വി.എബ്രാഹാം, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു. വി.എബ്രഹാമാണ്. പൃഥ്വിരാജ് ചിത്രം കാപ്പയുടെ വിജയത്തിനു ശേഷം തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. വന്‍ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി വിശാലമായ ക്യാന്‍വാസിലാണ് സിനിമയുടെ അവതരണം. ചിത്രത്തില്‍ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രമ്യ സുവി (നന്‍പകല്‍ മയക്കം ഫെയിം) എന്നിവര്‍ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്. നായികമാര്‍ പുതുമുഖങ്ങളാണ്. സിനിമയുടെ ഛായാഗ്രഹണം തങ്കം സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ് സൈജു ശ്രീധര്‍, കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈന്‍ സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു.