കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ മുസ്ലീം ലീഗ് എടുത്ത നിലപാട് ശരിയാണെന്ന് ബിജെപി ഉപാധ്യക്ഷനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ എപി അബ്ദുള്ളക്കുട്ടി. പോപ്പുലര്‍ ഫ്രണ്ടിനെതിരെ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കാതിരുന്നത് ഭയം കൊണ്ടാണ്. കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഭയം മറന്ന് രംഗത്ത് വന്നതിന്റെ തെളിവാണ് മുസ്ലിം ലീഗ് നേതാക്കള്‍ ഇന്ന് നടത്തിയ പ്രസ്താവന. ഈ നിലപാടിനെ അഭിനന്ദിക്കണമെന്നും അദേഹം പറഞ്ഞു.
നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നിലപാടിനൊപ്പം മുസ്ലീം ലീഗും നില്‍ക്കുകയാണ് ഉണ്ടായത്. മുസ്ലീം ജനവിഭാഗത്തില്‍ 98 ശതമാനവും പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ ശരിവെയ്ക്കുന്നവരാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്ററും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇക്കാര്യത്തില്‍ മുടന്തന്‍ നയമാണ് സ്വീകരിച്ചത്. 2001ല്‍ രാജ്യം ഭരിച്ചവരല്ല ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് വിസ്മരിക്കരുതെന്നും അമിത് ഷായാണ് അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.