വാഷിംഗ്ടൺ : ഉപഭോക്താക്കളുടെ വിവരങ്ങൾ മറ്റാരും അറിയുന്നില്ല എന്നാണ് ആപ്പിള്‍ എപ്പോഴും അവകാശപ്പെടാറുള്ളത്. എന്നാല്‍ ഉപയോക്താക്കളെക്കുറിച്ചുള്ള നിരവധി വിവരങ്ങൾ ആപ്പിള്‍ ശേഖരിക്കുന്നുവെന്ന് ചില പുതിയ പഠനങ്ങള്‍ പറയുന്നു. ഡേറ്റ ശേഖരിക്കുന്നത് തടയാൻ അനലിറ്റിക്‌സ് ഷെയറിങ് ഓഫ് ചെയ്യാന്‍ ഉപയോക്താവിനു സാധിക്കും.
പക്ഷേ അത്തരം ഉപകരണങ്ങളില്‍ നിന്നുപോലും ആപ്പിൾ ഡേറ്റ ശേഖരിക്കുന്നുവെന്നും ആപ്പിളിന്റെ സ്വന്തം ആപ്പുകളായ ആപ് സ്റ്റോര്‍, ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി, ബുക്‌സ്, സ്റ്റോക്‌സ് ആപ് എന്നിവയില്‍ ഉപയോക്താവ് നടത്തുന്ന ഓരോ നീക്കവും ആപ്പിള്‍ അറിയുന്നുവെന്നുമാണ് ആരോപണം.
ഉപയോക്താവ് ഏതൊക്കെ ആപ്പുകളാണ് നോക്കുന്നത്, ലൈംഗികതയുടെയും മതത്തിന്റെയും കാര്യത്തില്‍ അയാളുടെ താത്പര്യങ്ങള്‍ എന്തൊക്കെ, ഏതെല്ലാം ഓഹരികളാണ് പരിശോധിക്കുന്നത്, തുടങ്ങിയ നിരവധി വിവരങ്ങളാണ് ആപ്പിളിന് ഈ ആപ്പുകള്‍ നിരന്തരം കൈമാറുന്നത് എന്നാണ് ആരോപണം. ആപ്പിളിന്റെ ഡേറ്റാ ശേഖരണം ഗൗരവമുള്ളതാണെന്ന് ഗിസ്‌മോഡോ പറയുന്നു.
ഉപഭോക്താവിനെ ട്രാക്ക് ചെയ്യുന്നില്ലെന്ന് അവകാശപ്പെടുകയും അതേസമയം ചെയ്തികള്‍ നിരീക്ഷിക്കുകയുമാണ് ആപ്പിളെന്ന് ഗിസ്‌മോഡോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ പഠനത്തിനു പിന്നില്‍ ആപ് ഡവലപ്പര്‍മാരും സുരക്ഷാ ഗവേഷകരുമായ ടോമി മിസ്‌കും തലാല്‍ ഹജ് ബക്രിയുമാണ്. മിസ്‌ക് എന്ന പേരില്‍ത്തന്നെയുള്ള കമ്പനിക്കു വേണ്ടിയാണ് ഇവര്‍ പഠനം നടത്തിയത്.
തങ്ങളുടെ ഡേറ്റ വിശകലനത്തിനായി ശേഖരിക്കരുതെന്ന് ഉപഭോക്താക്കൾ പറഞ്ഞാലും വിവര ശേഖരണം നടത്തുകയാണ് ആപ്പിള്‍ എന്നാണ് ഗവേഷകര്‍ ആരോപിക്കുന്നത്. ആപ്പിളിന്റെ ആപ്പ് സ്റ്റോറിലടക്കം ഉപയോക്താവ് ചെയ്യുന്ന കാര്യങ്ങള്‍ തത്സമയം രേഖപ്പെടുത്തി ഐഡി നമ്പറുകളും ഏത് ഉപകരണമാണ് ഉപയോഗിക്കുന്നതെന്ന വിവരവും അടക്കം ആപ്പിള്‍ കമ്പനിക്ക് തത്സമയം കൈമാറുന്നു എന്നാണ് ഗവേഷകരുടെ ആരോപണം. അതേസമയം, ആപ്പിളിന്റെ ആപ്പുകളായ ഹെല്‍ത്, വോലറ്റ് തുടങ്ങിയവ ഒരു ഡേറ്റയും ചോര്‍ത്തി നല്‍കുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു.