നിങ്ങൾ ഒരു ആപ്പിൾ ഉപഭോക്താവ് ആണോ? എങ്കിൽ ഇനി മുതൽ നിങ്ങളുടെ സോഷ്യൽ മീഡിയ ഉപയോഗം കൂടുതൽ കഠിനമാകും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എക്സ് (ട്വിറ്റർ), യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്ന ആപ്പിൾ ഉപഭോക്താക്കൾക്ക് ഇനി മുതൽ ഉപഭോക്തൃ പിന്തുണ നൽകേണ്ടതില്ല എന്നാണ് ആപ്പിളിന്‍റെ തീരുമാനം. കമ്പനിയുടെ പുതിയ നയത്തിൽ സോഷ്യൽ മീഡിയ പിന്തുണ ഉപദേശകരുടെ റോളുകൾ ഇല്ലാതാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപഭോക്തൃ പിന്തുണാ സമീപനത്തിലും മാറ്റം വരുത്താൻ ആപ്പിൾ തയ്യാറായത്. ഈ വർഷം അവസാനം മുതൽ പുതിയ നയം നടപ്പിലാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്‌ടോബർ 1 മുതൽ ആപ്പിൾ സപ്പോർട്ട് എന്ന എക്സ് (ട്വിറ്റർ) അക്കൗണ്ട് ഉപഭോക്താക്കളുടെ നേരിട്ടുള്ള സന്ദേശങ്ങൾക്ക് വ്യക്തിഗത പ്രതികരണങ്ങൾ നൽകുന്നത് നിർത്തും. ഇതിന് ബദലായി പരാതിയുമായി എത്തുന്ന ഉപഭോക്താക്കൾക്ക് ഓട്ടോമേറ്റഡ് മറുപടികൾ ആയിരിക്കും ഇനി ആയക്കുക. ആപ്പിളിനെ സമീപിക്കുന്നതിനുള്ള ഇതര മാർഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആയിരിക്കും ഈ ഓട്ടോമേറ്റഡ് മറുപടിയിൽ ഉണ്ടാകുക. ഇതിന് പുറമെ യൂട്യൂബുമായുള്ള സഹകരണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
ഇതിന് പുറമെ ഉപഭോക്താക്കൾ മാർഗനിർദേശം തേടുന്ന ഓൺലൈൻ ഫോറമായ ആപ്പിൾ സപ്പോർട്ട് കമ്മ്യൂണിറ്റിയിലെ പണമടച്ചുള്ള കമ്മ്യൂണിറ്റി സ്പെഷ്യലിസ്റ്റ് സ്ഥാനവും കമ്പനി അവസാനിപ്പിക്കും എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. പുതിയ നയം മൂലം ജോലി നഷ്ടപ്പെടുന്ന ജീവനക്കാരെ മറ്റ് തസ്തികകളിലേക്ക് നിയമിക്കാനും കമ്പനി തയ്യാറാകും എന്നും അറിയിച്ചിട്ടുണ്ട്. അതേ സമയം പുതിയ നയം കമ്പനിക്കുള്ളിലെ സോഷ്യൽ മീഡിയ സപ്പോർട്ട് ടീമിലെ അംഗങ്ങൾക്കിടയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് സൂചനകൾ. 2016 മുതൽ ട്വിറ്ററുമായി ഉപഭോക്തൃ പിന്തുണ വാഗ്ദാനം ചെയ്യുന്ന കമ്പനിയായിരുന്നു ആപ്പിൾ. എന്നാൽ കഴിഞ്ഞ വർഷം ടെസ്ല സിഇഒ ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ എക്സ് എന്ന പേര് നൽകി ട്വിറ്ററിനെ റീ ബ്രാൻഡ് ചെയ്തിരുന്നു. ഇതേ തുടർന്ന് നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. അതേ സമയം പുതിയ മാറ്റത്തിനുള്ള കാരണം എന്താണ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് മറുപടി നൽകാൻ ആപ്പിൾ ഇതുവരെ തയ്യാറായിട്ടില്ല. അടുത്തിടെ യൂട്യൂബിലും ട്വിറ്ററിലും എല്ലാം നിരവധി മാറ്റങ്ങൾ നടപ്പിലാക്കിയിരുന്നു. ഈ തീരുമാനവുമായി പുതിയ നയത്തിന് ബന്ധം ഉണ്ടോ എന്ന് വ്യക്തമല്ല. എന്ത് തന്നെ ആയാലും ആപ്പിളിന്റെ പുതിയ തീരുമാനം സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.