ഉപയോക്താക്കളുടെ വിശ്വസനീയ ബ്രാൻഡാണ് ആപ്പിൾ. നിരവധി കാലമായി ആഗോള ടെക് മേഖലയിൽ വലിയ മേധാവിത്വമാണ് ആപ്പിളിനുള്ളത്. ഐഫോണുകൾ, ഐമാക്കുകൾ, ഐപോഡുകൾ, ഐപാഡുകൾ എന്ന് തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് ആപ്പിൾ ഇതിനോടകം പുറത്തിറക്കിയിരിക്കുന്നത്. ഒരു ബ്രാൻഡ് എന്ന നിലയിൽ ഇന്ന് ആപ്പിൾ നേടിയിരിക്കുന്ന വളർച്ച അതിശയിപ്പിക്കുന്നതാണ്. ആപ്പിൾ ഉത്പന്നങ്ങൾ കൈവശം വെയ്ക്കുന്നത് ഒരു സോഷ്യൽ സ്റ്റാറ്റസിന്റെ ഭാഗമാണെന്ന് ചിന്തിക്കുന്ന നിരവധി ഉപയോക്താക്കളും നമുക്കിടയിൽ ഉണ്ട്. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നീ ഫോണുകളാണ് കഴിഞ്ഞ തവണ ആപ്പിൾ വിപണിയിലെത്തിച്ചത്.
അതേസമയം ഇനി ആപ്പിളിന്റെതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഫോൺ ഐഫോൺ 16 സീരീസ് ആണ്. വമ്പൻ പ്രതീക്ഷയാണ് ഈ ഫോൺ ആരാധകർക്ക് നൽകുന്നത്. 2024 സെപ്റ്റംബർ മാസം ആയിരിക്കും ആപ്പിൽ 16 സീരിസ് എത്തുക. എല്ലാ വർഷവും സെപ്റ്റംബർ മാസങ്ങളിലാണ് ആപ്പിൾ പുതിയ ഐഫോണുകൾ അവതരിപ്പിക്കുന്നത്. 2024ലും ഇതിന് മാറ്റം ഉണ്ടാകില്ല. ഈ ഫോണുകൾക്ക് പുറമെ മറ്റ് പല ഉപകരണങ്ങളും സേവനങ്ങളും 2024ൽ പുറത്തിറക്കാൻ ആപ്പിൾ പദ്ധതിയിടുന്നുണ്ട്. ഇവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ഇതിൽ ഒന്നാണ് എം3 ചിപ്പ് ഘടിപ്പിച്ച പുതിയ മാക്ക്ബുക്ക്. ഈ ഉപകരണം 2024 തന്നെ പുറത്തിറക്കും എന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്. ആപ്പിളിന്റെ പുതിയ സ്മാർട്ട് വാച്ചായ ആപ്പിൾ വാച്ച് എക്സും ഐപാഡ് പ്രോയും 2024-ൽ ആപ്പിൾ പുറത്തിറക്കുന്ന മറ്റ് ഉപകരണങ്ങൾ ആയിരിക്കും.
പുറത്തിറങ്ങാനിരിക്കുന്ന മാക്ക്ബുക്കിന്റെ ചിപ്പ് മികച്ച പ്രകടനം കാഴ്ച വെയ്ക്കും എന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. അടുത്തിടെ ആപ്പിൾ പുറത്തിറക്കിയ മാക്ക്ബുക്കിൽ എം2 ചിപ്പ് ആയിരുന്നു നൽകിയത്. ഇതിന്റെ നവീകരിച്ച പതിപ്പ് ആയിരിക്കും 2024ൽ ഇറങ്ങാൻ പോകുന്ന മാക്ബുക്ക്. വീഡിയോ എഡിറ്റിങ് ജോലികൾക്ക് ഏറെ ഉപകാരപ്പെടുന്ന ലാപ്ടോപ് ആയിരിക്കും ഈ മാക്ബുക്ക്. 2024ൽ പുറത്തിറക്കാൻ ഇരിക്കുന്ന ഐപാഡ് പ്രോയ്ക്ക് ആകട്ടെ ആപ്പിൾ ആദ്യമായി OLED ഡിസ്‌പ്ലേ നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സീരീസിൽ ഐപാഡ് മിനി, സ്റ്റാൻഡേർഡ് ഐപാഡ്, ഐപാഡ് എയർ, ഐപാഡ് പ്രോ എന്നീ ഉത്പന്നങ്ങൾ പുറത്തിറങ്ങും.