കോട്ടയം : എംജി സർവകലാശാലയിൽ നിയമന വിവാദം. എൻവിയോൺമെന്റ് സയൻസ് അസോസിയേറ്റ് പ്രൊഫസറായി യോഗ്യതയില്ലാത്ത വ്യക്തിയെ നിയമിച്ചു എന്നാണ് ആരോപണം. യുജിസി മാനദണ്ഡങ്ങളും പാലിച്ചില്ലെന്നും പരാതിയുണ്ട്. സംഭവത്തിൽ എൻവിയോൺമെന്റ് സയൻസ് പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷൻ ചാൻസലർക്ക് പരാതി നൽകി. കഴിഞ്ഞ ദിവസമാണ് എംജി സർവ്വകലാശാലയിലെ എൻവിയോൺമെന്റ് സയൻസിൽ ഒഴിവ് വന്ന അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമം നടന്നത്. സിബു സാമുവൽ എന്ന അധ്യാപകനെയാണ് അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത്. എന്നാൽ ഇയാൾക്ക് മതിയായ യോഗ്യത ഇല്ലെന്നാണ് പരാതി. എൻവിയോൺമെന്റ് സയൻസിൽ എട്ടു വർഷത്തെ അധ്യാപന പരിചയം അടക്കമുള്ള യോഗ്യതകൾ ആയിരുന്നു മാനദണ്ഡം.
എന്നാൽ സിബു സാമൂവലിന് ബയോ ടെക്‌നോളജിയിൽ ആണ് പ്രവർത്തിപരിചയം ഉള്ളത്. എട്ടുവർഷത്തെ അധ്യാപന പരിചയം ഇല്ലെന്നും പറയുന്നു. യോഗ്യത ഉള്ളവർ ഉണ്ടായിരുന്നിട്ടും സർവ്വകലാശാല നടത്തിയ നീക്കം ദുരൂഹമാണ് എന്നാണ് പരാതി. അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷൻ തിരുത്തിയതും സംശയമുയർത്തുന്നു. എൻവിയോൺമെന്റ് സയൻസിൽ യോഗ്യത വേണമെന്ന് പറഞ്ഞ് നോട്ടിഫിക്കേഷൻ തിരുത്തി ലൈഫ് സയൻസ് കൂടി കൂട്ടിച്ചേർത്തു. ഇത് ഈ വ്യക്തിക്ക് ജോലി നൽകാൻ ആണെന്നാണ് മറ്റ് ഉദ്യോഗാർത്ഥികൾ പറയുന്നത്. സംഭവത്തിൽ എൻവിയോൺമെന്റ് സയൻസ് പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷൻ ചാൻസിലർക്ക് പരാതി നൽകിയിട്ടുണ്ട്. നിയമനടപടിയിലേക്ക് കടക്കാനും മറ്റു ഉദ്യോഗാർത്ഥികൾ തീരുമാനിച്ചിട്ടുണ്ട്.