തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ ചട്ടവിരുദ്ധമായി സർവീസ് റെഗുലറൈസ് ചെയ്ത് പ്രൊബേഷൻ പ്രഖ്യാപിച്ച അഞ്ചു സൂപ്പർ ന്യൂമററി ജീവനക്കാരുടെ സ്ഥിരനിയമനം റദ്ദാക്കുകയും ക്രമക്കേടിന് ചുക്കാൻ പിടിച്ച ജീവനക്കാരനെ സസ്പെൻഡു ചെയ്യുകയും ചെയ്തു. പക്ഷേ സമാനരീതിയിൽ സ്ഥിരനിയമനം ലഭിച്ച 85-ഓളം അധ്യാപകർ ഇപ്പോഴും സർവീസിലുണ്ട്. അവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് അറിയുന്നു. നിയമനം കാത്ത് നൂറുകണക്കിന് പി.എസ്.സി റാങ്ക്ഹോൾഡർമാർ പുറത്തുനിൽക്കുമ്പോഴാണ് ഈ തട്ടിപ്പ്. ഇത്തരത്തിൽ സ്ഥിരനിയമനം കിട്ടിയ രഘുനാഥനും മറ്റു ചിലരും 2020-ൽ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ മുമ്പാകെ ഫയൽ ചെയ്ത ഒറിജിനൽ പെറ്റീഷനു മറുപടി ഫയൽ ചെയ്യുന്നത് സംബന്ധിച്ച വിഷയം പൊതുവിദ്യാഭ്യാസ വകുപ്പിൽ എത്തി.
തുടർന്നുള്ള പരിശോധനയിലാണ് സൂപ്പർ ന്യൂമററി ജീവനക്കാരെ റെഗുലർ വേക്കൻസിയിൽ നിയമിക്കുകയും പ്രൊബേഷൻ ഡിക്ലയർ ചെയ്ത് സീനിയോറിറ്റി നിശ്ചയിച്ച് നൽകിയിട്ടുണ്ടെന്നും വ്യക്തമായത്. ഇടുക്കി വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ജീവനക്കാർ ഏത് സാഹചര്യത്തിലാണ് സൂപ്പർ ന്യൂമററി തസ്തികയിൽ പോസ്റ്റ് ചെയ്യേണ്ടിയിരുന്നവരെ ചട്ടം ലംഘിച്ച് റെഗുലർ പോസ്റ്റിൽ ഉൾക്കൊള്ളിച്ചത് എന്നതിൽ വ്യക്തത ഉണ്ടായിരുന്നില്ല. തുടർന്ന് ഇടുക്കി ഉപവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയോറിറ്റി സെക്ഷൻ സൂപ്രണ്ടും ക്ലാർക്കും ബന്ധപ്പെട്ട ജീവനക്കാരും ഇതുസംബന്ധിച്ച ഫയലുകളും റിപ്പോർട്ടുകളുമായി സെക്രട്ടേറിയറ്റിലെത്താൻ നിർദ്ദേശം നൽകിയെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്.
അംഗപരിമിതരായ ക്ലാർക്കുമാരെ സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിക്കാനുള്ള ഉത്തരവനുസരിച്ച് അഞ്ചു പേരെ ക്ലാർക്കുമാരായി നിയമിച്ചെന്നും നിയമനഫയൽ നശിപ്പിക്കപ്പെട്ടതിനാൽ ഹാജരാക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ട് അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ ഉത്തരവു പ്രകാരം ഒരു ജീവനക്കാരി ജൂനിയർ ക്ലാർക്കുമാരുടെ സീനിയോറിറ്റി പട്ടികയിൽ ഉൾപ്പെട്ടെങ്കിലും മറ്റ് നാലുപേരുടെ സർവീസ് കാർഡുകൾക്ക് സീനിയോറിറ്റിക്കും പ്രൊബേഷനും അർഹത ഇല്ലെന്ന കാരണം പറഞ്ഞ് നിരസിക്കുകയായിരുന്നു. അതിനെതിരെ അവർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്തിരിക്കയാണ്. സൂപ്പർ ന്യൂമററി ജീവനക്കാരെ റെഗുലർ സർവീസിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തത് അവിടെ ക്ലാർക്കായിരുന്ന രാജേഷ്‌കുമാർ.
എസ് ആണെന്നു സർക്കാരിന് ബോധ്യമായി. അതിന് മറ്റു ചില ഉദ്യോഗസ്ഥരുടെ ഒത്താശയും ഉണ്ടായിരുന്നിരിക്കാം. ജീവനക്കാർക്ക് നിർബന്ധമായ വകുപ്പുതല പരീക്ഷ എം. ഒ.പി (മാനുവൽ ഓഫ് ഓഫീസ് പ്രൊസീജർ) പാസായിട്ടുണ്ടോ എന്നും പോലീസ് വെരിഫിക്കേഷൻ നടത്തിയിട്ടുണ്ടോ എന്നും നോക്കാതെയാണ് റെഗുലറൈസേഷനും പ്രൊബേഷൻ ഡിക്ലറേഷനും നടത്തിയിട്ടുള്ളത്. അതിനുശേഷം അവർക്ക് സ്ഥിരനിയമനത്തിന് അർഹതയില്ലെന്നെഴുതി സർക്കാരിനെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. രാജേഷ്‌കുമാറിനു പകരം പുതിയ ക്ലാർക്ക് ജോലിയിൽ പ്രവേശിച്ച ശേഷമാണ് യഥാർത്ഥവസ്തുതകൾ വെളിച്ചത്തുവന്നത്. അതിഗുരുതരമായ ചട്ടലംഘനം നടത്തിയതിന് സസ്പെൻഡു ചെയ്യപ്പെട്ട രാജേഷ്‌കുമാർ സർവീസിൽ തിരിച്ചുകയറിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരുടെ കാലത്തെ എല്ലാ ഫയലുകളും വിശദ പരിശോധനയ്ക്കു വിധേയമാക്കിയാൽ മാത്രമേ ഈ അഴിമതിയുടെ വ്യാപ്തി ബോധ്യമാവൂ.