ഏപ്രിൽ 19 ലോക കരൾ ദിനം. എല്ലാവർഷവും കരൾ ദിനത്തോടനുബന്ധിച്ച് നിരവധി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും ഓരോ വർഷവും കരൾ രോഗങ്ങൾ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആകുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. മലയാളികളുടെ ജീവിതശൈലി തന്നെയാണ് ഇക്കാര്യത്തിൽ പ്രധാന വില്ലൻ. പ്രമേഹം, ബിപി, കൊളസ്ട്രോൾ എന്നിങ്ങനെ നിരവധി രോഗങ്ങളുടെ കൂട്ടത്തിൽ കരൾ നാശത്തിന് കാരണമാകുന്ന ഫാറ്റിലിവറും സ്ഥാനം പിടിച്ചിരിക്കുന്നു. 10 വർഷത്തിനുള്ളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണത്തേക്കാൾ കരൾ രോഗബാധിതർ എത്തും എന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നത്.
പ്രധാനമായും നാല് ഘട്ടങ്ങളിലൂടെയാണ് രോഗം കരളിനെ നശിപ്പിക്കുന്നത്. തുടക്കം പൊതുവെ ഫാറ്റി ലിവർ എന്ന അവസ്ഥയിലൂടെയാണ്. അമിത കൊഴുപ്പ് കരളിൽ അടിഞ്ഞു കൂടുന്ന അവസ്ഥയാണിത്. ‘ഹെപ്പാറ്റിക് സ്റ്റിറോസിസ്’ എന്നാണ് ഇതിന് പറയുന്നത്. പൊതുവേ ഫാറ്റി ലിവർ എന്ന് പറയുമ്പോഴും മദ്യപാനം മൂലം ഉണ്ടാകുന്നത് ‘ആൽക്കഹോളിക് ഫാറ്റി ലിവറും’ ജീവിതശൈലി മൂലം ഉണ്ടാകുന്നത് ‘നോൺ ആൽക്കഹോളിക് ഫാറ്റിലിവർ’ എന്നും അറിയപ്പെടുന്നു. മദ്യം ഉപയോഗിക്കാത്തവരിൽ സ്ട്രെസ്സ്, തെറ്റായ ജീവിതശൈലി എന്നിവ മൂലവും മെറ്റബോളിക് സിൻഡ്രോമിന്റെ ഭാഗമായും ‘നോൺ ആൽക്കഹോളിക് ഫാറ്റിലിവർ’ വർദ്ധിച്ചു വരുന്നു. അടുത്തകാലത്തായി യുവജനങ്ങളിൽ ഭക്ഷണശീലത്തിലും ഭക്ഷണം കഴിക്കുന്ന സമയത്തിലും ഉറങ്ങുന്ന സമയത്തിലും ഒക്കെ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്നതിലും 30% അധികം യുവജനങ്ങളിൽ ഇന്ന് ഫാറ്റി ലിവർ കാണപ്പെടുന്നുണ്ട്, ഇതിൽ ആൺ പെൺ വ്യത്യാസമില്ല. ചെറുപ്പക്കാരിൽ മാത്രമല്ല കുട്ടികളിലും ഫാറ്റിലിവർ കൂടി വരികയാണ്.
മലയാളികളെ സംബന്ധിച്ച് ഏറ്റവും ഗൗരവമായ കാര്യം ലിവർ സിറോസിസിലേക്ക് എത്തുന്ന പ്രായം കുറഞ്ഞുവരുന്നു എന്നുള്ളതാണ്. 60-65 വയസിലാണ് മുമ്പ് സിറോസിസ് ബാധിച്ചവരെ കണ്ടുവരുന്നതെങ്കിൽ ഇപ്പോൾ 50-60 വയസ്സിലാണ് കാണുന്നത്. ഈയിടയായി 40-45 വയസ്സിലുള്ളവരെയും കാണുന്നു എന്നത് ഇതിന്റെ തീവ്രത വെളിപ്പെടുത്തുന്നു. നമ്മുടെ ദേശീയ ആഘോഷങ്ങളിൽ മദ്യപാനത്തിന്റെ നിരക്ക് പറഞ്ഞ് മലയാളികൾ അഭിമാനിക്കുന്നത് പോലെ കരൾ രോഗത്തിന്റെ നിരക്കും അതിന്റെ തീവ്രതയിലേക്ക് എത്തുകയാണ്. അതുപോലെ തന്നെ മലയാളികൾ മദ്യം കഴിക്കുന്ന രീതി അത്യന്തം അപകടകരമാണ്. ഒരേ സമയം വളരെയധികം അളവിൽ മദ്യം ഉള്ളിൽ എത്തുമ്പോൾ അത് സംസ്കരിച്ച് അപകടം ഒഴിവാക്കാനുള്ള സമയം കരളിന് ലഭിക്കാതെ വരുന്നു. ദിനംപ്രതി ഇങ്ങനെ സംഭവിക്കുമ്പോൾ കരളിന്റെ ഘടനയിൽ മാറ്റം വരികയും സ്വാഭാവികത നഷ്ടപ്പെടുകയും ചെയ്യും. മദ്യപാനം കരൾ നാശത്തിന് കാരണമാകുന്ന അതേ അളവിൽ മഞ്ഞപ്പിത്തവും വൈറസുകളും കരളിനെ നശിപ്പിക്കും. ഭക്ഷണത്തിലൂടെയും മലിന ജലത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ/ഇ, രക്തത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് ബി/സി, എന്നിവയെല്ലാം കരളിനെ നശിപ്പിക്കുന്ന വൈറസുകൾ ആണ്.
എന്തുകൊണ്ടാണ് കരൾ രോഗങ്ങൾ നേരത്തെ തിരിച്ചറിയാൻ കഴിയാതെ പോകുന്നത്?
ദൈനംദിന പ്രവർത്തനങ്ങളിൽ ശരീരത്തെ ഏറ്റവും അധികം സഹായിക്കുന്ന അവയവമാണ് കരൾ എന്നതു പോലെ തന്നെ ഏറ്റവുമധികം പുനരുജ്ജീവന ശേഷിയുള്ള അവയവവും കരൾ തന്നെയാണ്, വലിയൊരു ഭാഗം നശിച്ചു പോയാലും കരൾ അതിന്റെ മിക്ക പ്രവർത്തനങ്ങളും അതേപോലെ തുടർന്നുകൊണ്ടിരിക്കും. അതിനാൽ തന്നെ മിക്കപ്പോഴും കരൾ രോഗങ്ങൾ തിരിച്ചറിയുന്നത് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ ആയിരിക്കും.
—
കരളിനെ രോഗം ബാധിച്ചോ എന്ന് എങ്ങനെ തിരിച്ചറിയാം ?
മേൽസൂചിപ്പിച്ചത് പോലെ തന്നെ കരൾ രോഗങ്ങൾക്ക് കാര്യമായ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ മുപ്പത് വയസ്സു കഴിഞ്ഞവർ കൃത്യമായ ഇടവേളകളിൽ കരൾ പരിശോധന നടത്തിയിരിക്കണം. ലിവർ ഫംഗ്ഷൻ ടെസ്റ്റ്, കരളിന്റെ അൾട്രാ സൗണ്ട് സ്കാൻ, ചില രക്തപരിശോധനങ്ങൾ എന്നിവയാണ് പ്രധാനപ്പെട്ടവ. കരളിൽ ഫൈബ്രോസിസ് ഉണ്ടോ എന്ന് കണ്ടെത്താനും ഏത് സ്റ്റേജിൽ ആണെന്ന് മനസ്സിലാക്കാനും ‘ഫൈബ്രോസ്കാൻ’ സഹായിക്കും. ഒന്നാം ഘട്ടമായ ഫാറ്റി ലിവറിന് ദീർഘകാലം ചികിത്സയോ, ജീവിതശൈലിയിൽ മാറ്റങ്ങളോ ഇല്ലാതെ ഇരിക്കുമ്പോഴാണ് കരൾ രോഗം അതിന്റെ രണ്ടാമത്തെ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. ‘സ്റ്റിയറ്റോ ഹെപ്പറ്റൈറ്റിസ്’ എന്ന ഈ അവസ്ഥയിൽ കരളിൽ വീക്കം ഉണ്ടാവുകയും കരളിനെ ബാധിക്കുന്ന രോഗാണുക്കളെ ചെറുക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യും. മദ്യം കാരണമല്ലാതെ ഇപ്രകാരം സംഭവിച്ചാൽ അതിന് ‘നോൺ ആൽക്കഹോളിക് സ്റ്റിയറ്റോ ഹെപ്പറ്റൈറ്റിസ് (NASH) എന്ന് പറയുന്നു. ഈ ഘട്ടത്തിലും വേദനയും മറ്റ് ലക്ഷണങ്ങൾ ഒന്നും തന്നെയും കാണപ്പെടണമെന്നില്ല.
ഈ രണ്ടു ഘട്ടങ്ങളിൽ എപ്പോഴെങ്കിലും രോഗം കണ്ടെത്തുകയാണെങ്കിൽ രോഗം പൂർണമായും ഭേദമാക്കുന്നതിന് സാധിക്കും. വീണ്ടും ഇതേരീതിയിൽ തുടരുന്നത് ഫൈബ്രോസിസ് എന്ന അവസ്ഥയിൽ എത്തിക്കുന്നു. മിക്കവരും കരൾ നാശം തിരിച്ചറിയുകയും ചികിത്സ ആവശ്യമായി വരികയും ചെയ്യുന്ന ഘട്ടമാണിത്. ഈ ഘട്ടത്തിൽ നിന്നും കരൾ വളരെ വേഗം അടുത്തഘട്ടത്തിലേക്ക് മാറ്റപ്പെടാം. കരളിന്റെ പുറംഭാഗം കട്ടിയുള്ളതാവുകയും ചുരുങ്ങുകയും ചെയ്യും. ആരോഗ്യമുള്ള കോശങ്ങളും വളരെ വേഗം നശിക്കുകയും കരളിന്റെ പ്രവർത്തനങ്ങൾ മിക്കവയും നിലച്ചു തുടങ്ങുകയും ചെയ്യുന്നു. ഇതാണ് ‘ലിവർ സിറോസിസ്’ എന്ന അവസ്ഥ. ഈ ഘട്ടത്തിൽ എത്തുമ്പോഴാണ് നിരവധി ലക്ഷണങ്ങളോടെ രോഗം തിരിച്ചറിയുന്നത്. സിറോസിസിന്റെ അവസാന ഘട്ടത്തിൽ എത്തിയാൽ ചികിത്സകൊണ്ട് കരളിന്റെ പ്രവർത്തനത്തെ തിരിച്ചുകൊണ്ടുവരുവാൻ സാധിക്കുകയില്ല.
കരൾ രോഗത്തിന് ചികിത്സ എന്താണ്?
ഫാറ്റിലിവർ എന്ന അവസ്ഥയിൽ ആണെങ്കിൽ ഭക്ഷണകാര്യങ്ങളിലും വ്യായാമത്തിലും ശ്രദ്ധിക്കണം. അമിതവണ്ണം കുറയ്ക്കണം. ശരീരത്തിലെത്തുന്ന ഊർജ്ജവും ചിലവാക്കുന്ന ഊർജ്ജവും തമ്മിൽ കൃത്യമായ അളവ് നിലനിർത്തണം. ഡയറ്റീഷന്റെ സഹായത്തോടെ ഭക്ഷണക്രമീകരണവും ഫിസിയോതെറാപ്പിസ്റ്റിന്റെ സഹായത്തോടെ വ്യായാമ ക്രമവും നിർണയിക്കാവുന്നതാണ്. മദ്യപാനവും പുകവലിയും പൂർണ്ണമായും ഉപേക്ഷിക്കണം. 30 വയസ്സിനു മുകളിൽ പ്രായമുള്ളവർ ദിവസവും 40 മിനിറ്റ് വ്യായാമത്തിന് നീക്കിവെക്കണം. നടത്തം, ഓട്ടം, സൈക്ലിംഗ്, തുടങ്ങിയ ഏറോബിക് എക്സർസൈസുകൾ ചെയ്യാവുന്നതാണ്. അതോടൊപ്പം കൃത്യമായ അളവിൽ വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.
സിറോസിസ് എന്ന അവസാന ഘട്ടത്തിൽ എത്തിയാൽ മരുന്നുകൾ കൊണ്ട് ചികിത്സിച്ചു ഭേദമാക്കുവാൻ സാധിക്കുകയില്ല അപ്പോൾ കരൾ മാറ്റിവെക്കലാണ് മികച്ച പരിഹാരം. രോഗം മറ്റ് അവയവങ്ങളെ ബാധിച്ചതിനു ശേഷം കരൾ മാറ്റിവെക്കുന്നതിലും നല്ലത് ആരോഗ്യത്തോടെ ഇരിക്കുമ്പോൾ ചെയ്യുന്നതാണ്. കരൾ മാറ്റിവെക്കലിന്റെ വിജയത്തിന് രോഗിയുടെ അവസ്ഥയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. കേരളത്തിൽ മികച്ച സെൻ്ററുകളിൽ 90% മുതൽ 95% വരെ വിജയ സാധ്യത ലഭിക്കുന്നുണ്ട്. കരൾ മാറ്റിവെച്ചതിനുശേഷം സാധാരണ ജീവിതരീതി പിന്തുടരുന്നതിനും, ജോലി ചെയ്യുന്നതിനും എല്ലാം സാധ്യമാകുന്നു. കരൾ മാറ്റിവെക്കലിൽ നൂതന ചികിത്സാരീതികളും, കണ്ടെത്തലുകളും ഉണ്ടാകുന്നത് മുൻകാലങ്ങളിലെക്കാൾ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും, കരൾ മാറ്റിവെച്ചവരുടെ ജീവിതനിലവാരം മികച്ചതാക്കുന്നതിനും സഹായിക്കുന്നുണ്ട്.
കൊച്ചി രാജഗിരി ആശുപത്രിയിലെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയാ വിഭാഗം ഡോ.ബിജു ചന്ദ്രനാണ് ലേഖകൻ.