കോഴഞ്ചേരി : അലങ്കാര മത്സ്യക്കൃഷിക്കും വിത്തുല്‍പ്പാദനത്തിനുമായി തുറന്ന കേന്ദ്രത്തിന് പൂട്ട് വീണപ്പോള്‍ മല്‍സ്യ ആരോഗ്യ പരിശോധന കേന്ദ്രമാക്കി. ഇപ്പോള്‍ ഇതും അടച്ചു പൂട്ടുന്നു.ജില്ലയിലെ പ്രധാന മത്‌സ്യ ഗവേഷണ കേന്ദ്രമായ കോഴഞ്ചേരി തെക്കേമല പന്നിവേലിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കേന്ദ്രമാണ് ഇത്തരത്തില്‍ നശിക്കുന്നത്. പന്നിവേലിച്ചിറയിലെ അക്വാറ്റിക് അനിമല്‍ ഹെല്‍ത്ത് സെന്റര്‍ കെട്ടിടം പരിസരം കാട് കയറിയത് വെട്ടി നീക്കിയതാണ് അടുത്തിടെ നടത്തിയ ഏക പ്രവര്‍ത്തി. മീനുകള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള ഉപകരണങ്ങളും സംവിധാനങ്ങളും സ്‌ഥാപിച്ചിരിക്കുന്ന കെട്ടിടമാണ് ഇത്തരത്തില്‍ നാശോന്മുഘമാകുന്നത്.
കെട്ടിടത്തില്‍ നാളുകളായി ഗവേഷണവും ചികിത്സയും ഒന്നും നടക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതോടെയാണ് കെട്ടിടത്തിന്റെ പരിസരങ്ങളില്‍ കാട് വളര്‍ന്നു പന്തലിച്ചത്. പ്രവേശന കവാടത്തിലെ ഗേറ്റും താഴ് ഉപയോഗിച്ച് പൂട്ടിയിരിക്കുകയാണ്. 2 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ ലാബ് ആണ് അടഞ്ഞുകിടക്കുന്നത്. കെട്ടിടത്തിന്റെ വശങ്ങളിലെ മതിലും ജീര്‍ണാവസ്‌ഥയിലാണ്. ഇവിടങ്ങളില്‍ ഇരുമ്പുപാളികള്‍ ഉപയോഗിച്ച് മറച്ചിട്ടുണ്ട്. മറ്റിടങ്ങളിലും തകര്‍ച്ച ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല.