പത്തനംതിട്ട : ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന ആറന്മുള മണ്ഡലം പിടിച്ചെടുക്കാന്‍ യു.ഡി.എഫ്. ചാണക്യ തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങി. സി.പി.എമ്മിലെ സിറ്റിംഗ് എം.എല്‍.എ വീണാ ജോര്‍ജ്ജിനെ തളക്കാന്‍ കണ്ടുവെച്ചിരിക്കുന്നത് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മുന്‍ പ്രൊഫസറും സുവോളജി വിഭാഗം മേധാവിയുമായിരുന്ന പത്തനംതിട്ട അഴൂര്‍ സ്വദേശി ഡോ.എം.എസ് സുനിലില്‍, കോഴഞ്ചേരി സ്വദേശിയും മുന്‍ ബ്ലോക്ക് പ്രസിഡണ്ടുമായ സ്റ്റെല്ല തോമസ്, മുന്‍ ആറന്മുള എം.എല്‍.എ അഡ്വ. ശിവദാസന്‍ നായര്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് പി.മോഹന്‍രാജ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എന്നിവരെയാണ്. ഇത് സംബന്ധിച്ച സജീവ ചര്‍ച്ചകള്‍ നടക്കുകയാണ്. ഗ്രൂപ്പ് സമവാക്യത്തിന് അതീതമായി വിജയസാധ്യത മാത്രമാണ് പരിഗണിക്കുന്നത്. തര്‍ക്കമുണ്ടായാല്‍ ഏവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ഥി എന്നനിലയിലാകും ചാണ്ടി ഉമ്മന്റെ പേര് കടന്നുവരിക.
ജീവകാരുണ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഡോ.എം.എസ് സുനില്‍ എന്ന സുനില്‍ ടീച്ചര്‍ ഏവര്‍ക്കും പ്രിയങ്കരിയാണ്. പ്രത്യേകിച്ച് രാഷ്ട്രീയം ഒന്നുമില്ല. കഴിഞ്ഞ പ്രാവശ്യം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നു, എന്നാല്‍ അവസാന ചര്‍ച്ചയില്‍ തള്ളപ്പെടുകയാണ് ഉണ്ടായത്. സീറ്റ് ആവശ്യപ്പെടുകയോ മത്സരിക്കാന്‍ ഇവര്‍ ആഗ്രഹം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. മണ്ഡലത്തിലെ ജനങ്ങളുടെ ഇടയിലുള്ള സ്വാധീനം നോക്കിയാണ് സുനില്‍ ടീച്ചറിന്റെ പേര് ചര്‍ച്ചക്കെടുത്തത്. ഓര്‍ത്തഡോക്സ് സഭാ വിശ്വാസിയായ സുനില്‍ ടീച്ചറിന് സഭയിലും നല്ല പിന്തുണയുണ്ട്. സിറ്റിംഗ് എം.എല്‍.എ വീണാ ജോര്‍ജ്ജും ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണയോടെയാണ് ജയിച്ചത്. ഇരുവരും അങ്കം കുറിച്ചാല്‍ വിശ്വാസികളുടെ വോട്ട് കൂടുതല്‍ നേടുവാന്‍ ഡോ.എം.എസ് സുനിലിന് കഴിയും. തന്നെയുമല്ല വീണാ ജോര്‍ജ്ജിന് സഭാ വിശ്വാസികളുടെ ഇടയില്‍ സമ്മിതി കുറഞ്ഞിട്ടുമുണ്ട്. നാട്ടിലുള്ളവരുടെയും വിദേശത്തുള്ളവരുടെയും സ്പോണ്‍സര്‍ഷിപ്പില്‍ നിരാലംബരായവര്‍ക്ക് ഭവനം പണിതു നല്‍കുന്നതിലാണ് ടീച്ചറിന്റെ ശ്രദ്ധ. 190 മത്തെ ഭവനവും പണി പൂര്‍ത്തിയാക്കി കൈമാറിക്കഴിഞ്ഞു. സ്ഥാനാര്‍ഥി ചര്‍ച്ചയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും താന്‍ ആരോടും താല്‍പ്പര്യം പറഞ്ഞിട്ടില്ലെന്നും ഡോ.എം.എസ് സുനില്‍ പത്തനംതിട്ട മീഡിയായോട് പ്രതികരിച്ചു.
സ്റ്റെല്ല തോമസ് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആയിരുന്നു. മാര്‍ത്തോമ്മാ സഭാ വിശ്വാസിയായ ഇവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണ്. കോഴഞ്ചേരി സ്വദേശിയായ ഇവര്‍ക്കും ജനങ്ങളുടെ ഇടയില്‍ വ്യക്തമായ സ്വാധീനമുണ്ട്. വീണാ ജോര്‍ജ്ജിനെതിരെ മത്സരിക്കുവാന്‍ വനിതകളെത്തന്നെയാണ് തീരുമാനിക്കുന്നതെങ്കില്‍ ഇവരില്‍ ഒരാള്‍ക്ക് നറുക്ക് വീഴാം.
ആറന്മുള മുന്‍ എം.എല്‍.എ അഡ്വ.ശിവദാസന്‍ നായരും മത്സരിക്കണമെന്ന ആഗ്രഹത്തിലാണ്. തന്നില്‍നിന്നും പിടിച്ചെടുത്ത സീറ്റ് തനിക്കുതന്നെ തിരികെ കൊണ്ടുവരണമെന്ന ഒരു വാശിയും ഇതിനു പിന്നിലുണ്ട്. തന്നെയുമല്ല താന്‍ തുടങ്ങിവെച്ച പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ ഇപ്പോഴും പാതിവഴിയിലാണ്. ഇത് തന്റെ കാലത്ത്തന്നെ പൂര്‍ത്തീകരിക്കണമെന്നും ശിവദാസന്‍ നായര്‍ക്ക് താല്‍പ്പര്യമുണ്ട്.
മുന്‍ ഡി.സി.സി പ്രസിഡന്റ് പി.മോഹന്‍രാജിന്റെ പേരും സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ സജീവമാണ്. നിരവധി തെരഞ്ഞെടുപ്പുകളില്‍ തഴയപ്പെട്ട ഒരാളുകൂടിയാണ് മോഹന്‍രാജ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ കോന്നിയില്‍ മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ജനീഷ് കുമാറിനോട് പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കോന്നി നഷ്ടപ്പെടുകയും ചെയ്തു. ഇത്തവണ ആറന്മുളയില്‍ മത്സരിക്കുവാന്‍ പി.മോഹന്‍രാജും തയ്യാറെടുക്കുന്നതായാണ് സൂചന.
ഗ്രൂപ്പ് വീതംവെപ്പ് ഇനി ഉണ്ടാകില്ലെന്നും ജയസാധ്യത മാത്രമാണ് കണക്കിലെടുക്കുന്നതെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കിക്കഴിഞ്ഞു. ആറന്മുളയില്‍ തര്‍ക്കമോ ആശയക്കുഴപ്പമോ ഉണ്ടായാല്‍ ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ കളത്തിലിറക്കാനും ആലോചനയുണ്ട്. ചാണ്ടി ഉമ്മന്റെ പേര് വന്നാല്‍ ആര്‍ക്കും അഭിപ്രായവ്യത്യാസം ഉണ്ടാകില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കാതെ മാറിനിന്നുകൊണ്ട് ചാണ്ടി ഉമ്മനെ മത്സരിപ്പിക്കുവാനായിരുന്നു ആദ്യ ആലോചനകള്‍. എന്നാല്‍ ജനകീയനായ ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് രംഗത്തുനിന്നും മാറിനില്‍ക്കുന്നത് യു.ഡി.എഫിന് മൊത്തത്തില്‍ ദോഷം ചെയ്യുമെന്ന് മനസ്സിലാക്കിയാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും രമേശ് ചെന്നിത്തല ഹരിപ്പാട്ടും മത്സരിക്കണമെന്ന തീരുമാനം വന്നത്. എന്നാല്‍ ചാണ്ടി ഉമ്മന്‍ മത്സര രംഗത്ത് ഉണ്ടാകണമെന്ന് യൂത്ത് കോണ്‍ഗ്രസും വാദിക്കുന്നു. ചാണ്ടി ഉമ്മന്‍ മത്സരിക്കുന്നത് യുവാക്കളില്‍ ആവേശമുണ്ടാക്കുമെന്നും കണക്കുകൂട്ടുന്നു. ചെങ്ങന്നൂരിലും ആറന്മുളയിലുമാണ് ചാണ്ടി ഉമ്മന്റെ പേര് ചര്‍ച്ച ചെയ്യപ്പെടുന്നത്.