ആറന്മുള : ജനമൈത്രി ബീറ്റ് ഓഫീസര്‍ ബീറ്റ് ഡ്യൂട്ടിയുടെ ഭാഗമായി വീട്ടിലെത്തിയ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും പകര്‍ത്തി വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആറന്മുള പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍ അജിത്ത് ഇടയാറന്മുളയിലെ ഒരു വീട് സന്ദര്‍ശനം നടത്തിയശേഷം പോകുന്ന ദൃശ്യമാണ് വീട്ടിലെ സിസിടിവിയില്‍ നിന്നും പകര്‍ത്തി വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചത്.
ഒരു യുവാവ് പോലീസ് വേഷത്തില്‍ ഇടയാറന്മുളയിലെ വീടുകള്‍ സന്ദര്‍ശിച്ചുവെന്നും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ശേഖരിച്ചെന്നും താമസക്കാരുടെ വിവരങ്ങള്‍ തിരക്കിയെന്നും, ആരും തന്നെ ഇയാള്‍ക്ക് വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുമാണ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. വ്യാജസന്ദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു ഇതിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചതായും 120(ഒ), 117(ഇ) പ്രകാരം ആറന്മുള പോലീസ് ഇന്‍സ്പെക്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ജില്ലാ പോലീസ് മേധാവി പി.ബി. രാജിവ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തു കൊണ്ടുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കെതിരെയും കര്‍ശന നിയമനടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
ജനമൈത്രി എം ബീറ്റി(മൊബൈല്‍ ബീറ്റ്)ന്റെ ഭാഗമായാണ് ബീറ്റ് ഓഫീസര്‍മാര്‍ ഇത്തരത്തില്‍ ഭവനസന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിനെതിരായ പ്രചാരണങ്ങള്‍ വ്യാജമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ജില്ലാപോലീസ് മേധാവി ആവശ്യപ്പെട്ടു.