കോഴഞ്ചേരി : വൃദ്ധയും രോഗിയുമായ ആറന്മുള നാൽക്കാലിക്കൽ ഐക്കനാടത്ത് വീട്ടിൽ സൗദാമിനി അമ്മയെ ആണ് നോക്കാനാളില്ലാതെ ആറന്മുള ജനമൈത്രി പോലീസ് ഏറ്റെടുത്ത് പത്തനംതിട്ട കെന്നടി ചാക്കോ ചരിറ്റബിൾ ട്രസ്റ്റിന്റെ ദി നെസ്റ്റ് എന്ന സ്ഥാപത്തിൽ എത്തിച്ചത്.
സമ്പൂർണ്ണ സാക്ഷരത നേടിയതായി നമ്മുടെ നാട് അഭിമാനിക്കുകയാണെങ്കിലും കേരളിയന്റെ സംസ്കാരം മാറിവരികയാണ്. മാതാപിതാക്കളെ ഒരു ബാധ്യതയായി കാണുന്ന യുവ തലമുറ ഇന്ന് കൂടുതലാണെന്ന് ആറന്മുള എസ് എച്ച് ഒ ജി.സന്തോഷ് കുമാര്‍ പറഞ്ഞു. അസ്ഥിപൊടിയുന്ന വേദനതിന്നു ജന്മം നല്കിയ അമ്മയും ഉരുകുന്ന വെയിലിൽ പണിയെടുത്ത് വളര്‍ത്തി വലുതാക്കിയ അച്ഛനും ഇന്ന് പുതുതലമുറക്ക് ബാധ്യതയാണ്. നാളെ തനിക്കും ഈ ഗതി വരുമെന്ന് അവര്‍ ചിന്തിക്കുന്നില്ല. പണവും ആരോഗ്യവും ഉള്ളപ്പോള്‍ എല്ലാം തികഞ്ഞു എന്ന തോന്നല്‍ അപകടത്തിലേക്കാണ് പോകുന്നത്. കുട്ടിക്കാലത്ത് അമ്മയുണ്ടാക്കിയ പഴങ്കഞ്ഞിയും കുടിച്ച് അച്ഛനോടൊപ്പം കീറപായയില്‍ കിടന്നതുമൊക്കെ ഏതോ മുത്തശ്ശിക്കഥപോലെ മറക്കുവാന്‍ വെമ്പുന്ന യുവത്വം. അവര്‍ക്ക് വൃദ്ധസദനങ്ങളും അനാധാലയങ്ങളും എവിടെയൊക്കെയുണ്ടെന്ന് കൃത്യമായി അറിയാം. നൊന്തു പെറ്റ അമ്മയെയും വളര്‍ത്തി വലുതാക്കിയ അച്ഛനെയും വൃദ്ധസദനങ്ങളില്‍ ആക്കുവാന്‍ പോലും കാരുണ്യം കാണിക്കാത്ത മക്കള്‍ സമൂഹത്തിനും ഒരു ബാധ്യതയാണെന്ന് ജി.സന്തോഷ് കുമാര്‍ പറഞ്ഞു. എസ് ഐ കെ.ദിജേഷ്, കെ.സി ബാബു , ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം.സുൽഫിഖാൻ റാവുത്തർ, ജി.അജിത്ത്, കെന്നടി ട്രസ്റ്റ് ചെയർമാൻ കെന്നടി ചാക്കോ, സെക്രട്ടറി ആശ ക്യഷ്ണ എന്നിവർ സന്നിഹിതരായിരുന്നു.