കോഴഞ്ചേരി : ആറന്മുള പാർഥസാരഥിയുടെ മൂലസ്ഥാനമായ ഇടയാറന്മുള വിളക്കുമാടം കൊട്ടാരത്തിന്റെ മുൻപിലുള്ള അരയാൽ ഒന്നരയാഴ്ചമുമ്പ് ഒടിഞ്ഞുവീണ് മാവേലിക്കര-കോഴഞ്ചേരി സംസ്ഥാനപാതയിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് അഗ്നിരക്ഷാസേന എത്തി അരയാൽ വെട്ടിമാറ്റി റോഡ് ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. വെട്ടിയിട്ട മരക്കഷണങ്ങളും മരക്കൊമ്പുകളും ഇപ്പോഴും റോഡിൽ തന്നെ കിടക്കുകയാണ്. നിരവധിപ്രാവശ്യം പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടിട്ടും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
പത്ത് ദിവസത്തിലേറെയായിട്ടും ഈ സ്ഥിതിയാണ് തുടരുന്നത്. വളരെ തിരക്കേറിയതും മറ്റ് സംസ്ഥാനപാതകളെ അപേക്ഷിച്ച് വീതികുറഞ്ഞതുമായ മാവേലിക്കര-കോഴഞ്ചേരി റോഡിൽ ഈ മഴക്കാലത്ത് റോഡിന്റെ വശങ്ങളിൽ മരത്തിന്റെ അവശിഷ്ടങ്ങൾ റോഡിലേക്ക് തള്ളിനിൽക്കുന്നത് വൻ അപകടത്തിന് കാരണമാകുമെന്നും ഇവ അടിന്തരമായി നീക്കംചെയ്യണമെന്നും ആറന്മുള പാർഥസാരഥി ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി ശശി കണ്ണങ്കേരിൽ ആവശ്യപ്പെട്ടു.