കോഴഞ്ചേരി : പ്രധാന ശബരിമല ഇടത്താവളമായ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല. തീര്‍ഥാടന കാലം ആരംഭിക്കും മുന്‍പേ പാര്‍ത്ഥസാരഥി ക്ഷേത്രം ഉള്‍പ്പെടുന്ന ആറന്മുള, മല്ലപ്പുഴശേരി പഞ്ചായത്തുകളില്‍ ജല വിതരണം തടസപ്പെട്ടിരുന്നു. പാര്‍ഥസാരഥി ക്ഷേത്രപരിസരത്ത് രണ്ടു മാസമായി ജല അതോറിറ്റിയുടെ പൈപ്പുകളില്‍ വെള്ളമെത്തുന്നില്ലെന്ന് നാട്ടുകാരും ജനപ്രതിനിധികളും പറയുന്നു. പല തവണ ജല അതോറിറ്റിയില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വേനല്‍ കനത്തതോടെ കിണറുകളിലും വെള്ളം കുറഞ്ഞു തുടങ്ങി. ഇത് ക്ഷേത്രത്തിലും ബാധിച്ചിട്ടുണ്ട്.
മല്ലപ്പുഴശേരി പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കിഴക്കേനട, തെക്കുഭാഗം, വായനശാല, ഭജനമഠം. പോലീസ് സ്‌റ്റേഷന്‍, ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ജലവിതരണം തീരെ നടക്കാത്തത്. വായനശാല, സ്‌കൂള്‍, ദേവസ്വം ഓഫിസ് എന്നിവയോടു ചേര്‍ന്ന് മൂന്നു പൊതുടാപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇതില്‍ നിന്നും വെള്ളം ലഭിക്കുന്നില്ല. റോഡ് വികസനത്തിലൂടെ പൈപ്പുകള്‍ തകര്‍ന്നു എന്നും വിശദീകരണം വരുന്നുണ്ട്. ഇടത്താവളത്തിലെ സൗകര്യങ്ങള്‍ പ്രതീക്ഷിച്ച് ക്ഷേത്രത്തിലെത്തുന്ന ശബരിമല തീര്‍ഥാടകര്‍ ഭക്ഷണം പാചകം ചെയ്തു കഴിക്കുന്നവരാണ്. വെള്ളത്തിന്റെ ക്ഷാമം കാരണം സമീപത്തെ വീടുകളിലെ കിണറുകളില്‍ നിന്നും എടുത്താനാണ് ഇപ്പോള്‍ ഇത് നടത്തുന്നത്. തിരുവാഭരണ ഘോഷയാത്ര അടുക്കുന്നതോടെ കാല്‍നടയായി എത്തുന്ന തീര്‍ഥാടകരുടെ എണ്ണം ഗണ്യമായി വര്‍ധിക്കും. ഇവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.