ആറന്മുള : പുന്നംതോട്ടം ദുർഗാ ഭഗവതീക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന്റെ ഭാഗമായി പാർഥസാരഥിക്ഷേത്രത്തിൽ ചരിത്രപ്രസിദ്ധമായ കൂടിയെഴുന്നള്ളിപ്പ് 10-ന് നടക്കും. മീനമാസത്തിലെ ഉത്രംനാളിലാണ് പുന്നംതോട്ടത്തമ്മ തന്റെ സഹോദര സങ്കൽപ്പമുള്ള തിരുവാറന്മുളയപ്പനെ കാണാൻ എത്തുന്നത്. രാത്രി ഒമ്പതുമണിയോടുകൂടി അത്താഴ ശ്രീബലി എഴുന്നള്ളിച്ച് ഒന്നാം വലത്തിന് ശേഷം കിഴക്കേഗോപുരത്തിൽ തിരുവാറന്മുളയപ്പൻ ദേവിയെ സ്വീകരിക്കാൻ കാത്തുനിൽക്കും. താലപ്പൊലിയുടെയും ആൾപ്പിണ്ടിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ദേവി പതിനെട്ടാംപടിയിലെത്തുമ്പോൾ സ്വീകരിക്കും.
തുടർന്ന് പുറത്തെ ബലിവട്ടത്തിൽ നടക്കുന്ന അഭിമുഖമായുള്ള പ്രദക്ഷിണമെഴുന്നള്ളിപ്പാണ് കൂടിയെഴുന്നള്ളിപ്പ്. അതിനുശേഷം ദേവി ആറാട്ടിനായി ക്ഷേത്രക്കടവിലേക്ക് എഴുന്നള്ളും. ആറാട്ടിന് ശേഷം ദേവിയെ നമസ്‌കാരമണ്ഡപത്തിലിരുത്തി പൂജാകർമങ്ങൾ ചെയ്യും. പിന്നീട് തിരുവാറന്മുളയപ്പൻ ഓണക്കോടിയും വിഷുക്കൈനീട്ടവും നൽകി അടുത്തവർഷം വീണ്ടും കാണാമെന്നുള്ള വിശ്വാസത്തോടെ ദേവിയെ പുന്നംതോട്ടത്തേക്ക് സന്തോഷത്തോടെ യാത്രയാക്കും.