ആറന്മുള : വര്‍ഷം തോറും അറ്റകുറ്റപ്പണിക്ക് കുറവില്ല. പക്ഷേ ജില്ലയിലെ പൈതൃക സമ്പത്തായ ആറന്മുള സത്രത്തില്‍ കയറണമെങ്കില്‍ മഴക്കോട്ടും തലയില്‍ തൊപ്പിയും വേണം. കുറഞ്ഞ പക്ഷം ഒരു കുടയെങ്കിലും കൈയില്‍ കരുതണം. സംസ്‌ഥാനത്തിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്ന ആറന്മുള വള്ളം കളി നടക്കുമ്പോള്‍ വിശിഷ്‌ടാതിഥികളുടെ വിശ്രമ കേന്ദ്രമാണ് സത്രം. പഴയ കാല നിര്‍മ്മിതിക്ക് പുറമെ പുതിയ ഒരു മന്ദിരവും ഇവിടെയുണ്ട്. പോരാഞ്ഞ് പ്രഖ്യാപനങ്ങള്‍ നിരവധിയും. എന്നാല്‍ പൈതൃക സമ്പത്തായി പരിഗണിക്കുന്ന പഴയ സത്രം സംരക്ഷിക്കാന്‍ നടപടിയില്ല. നാലുകെട്ടും നടുമുറ്റവും ഒക്കെ ആയതാണ് സത്രം. ഇപ്പോള്‍ മഴ പെയ്യുമ്പോള്‍ നടുമുറ്റത്തും മുറിക്കുള്ളിലും വെളളം പെയ്‌തിറങ്ങുന്നത് ഒരു പോലെ.
മുറിക്കുള്ളിലെ വെള്ളം പിടിക്കാന്‍ പെയിന്റ് ടിന്നുകള്‍ വെച്ചിട്ടുണ്ട്. ഇത് നിറയുമ്പോള്‍ മുറിക്കുള്ളിലൂടെ ഒഴുകും. ആകെ വിഐപി മുറി മാത്രമാണ് അല്‍പ്പം ഭേദം. ഇവിടേക്ക് എത്തുന്ന അതിഥികള്‍ അധിക നേരം തങ്ങാത്തതിനാല്‍ എല്ലാവരെയും വിഐപി മുറി നല്‍കി സന്തോഷിപ്പിക്കും. ജീവനക്കാര്‍ക്കും മറ്റ് പോംവഴിയില്ല. സംസ്‌ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിലാണ് ആറന്മുള സത്രം. ഇവിടെ കെട്ടിടങ്ങളില്‍ മേച്ചില്‍ ഓടുകള്‍ തകര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു അനക്കവും ഉണ്ടായിട്ടില്ല. ഓട് മേല്‍ക്കൂരയുള്ള രണ്ടു കെട്ടിടങ്ങളും ചോരുന്ന അവസ്‌ഥയിലാണ്. ഡൈനിങ് ഹാളില്‍ തറയില്‍ വെള്ളം വീഴാതിരിക്കാന്‍ ബക്കറ്റ് വെച്ചാണ് സംഭരിക്കുന്നത്. ഇതിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നിട്ട് മാസങ്ങളേറെയായി. സംസ്‌ഥാന പാതയില്‍ ആറന്മുള പടിഞ്ഞാറേ നടക്ക് സമീപമാണ് സത്രം. ഓട് തകര്‍ന്ന ഭാഗങ്ങളില്‍കൂടി വെള്ളം ഭിത്തിയിലേക്കും പടര്‍ന്നതോടെ ഇതും നശിച്ചു തുടങ്ങിയിട്ടുണ്ട്. ഭക്ഷണ ഹാളിന് സമീപത്തെ കോണ്‍ഫറന്‍സ് ഹാള്‍ കെട്ടിടത്തിലും ചോര്‍ച്ചയുണ്ട്.
രണ്ടു കെട്ടിടങ്ങളുടെയും ചോര്‍ച്ച പരിഹരിക്കുന്നതിന് ആറു മാസം മുന്‍പ് എസ്‌റ്റിമേറ്റ് തയാറാക്കി നല്‍കിയെങ്കിലും അനുമതി ലഭിച്ചിട്ടില്ല. കേടുപാടുകള്‍ സംഭവിച്ച കഴുക്കോലുകള്‍, പട്ടികകള്‍ എന്നിവ മാറ്റി പകരം പുതിയത് സ്‌ഥാപിക്കുന്നതിനാണ് എസ്‌റ്റിമേറ്റ് തയാറാക്കി നല്‍കിയിരുന്നത്.
എന്നാല്‍ ഇനി ഓണം അടുക്കുമ്പോഴേക്കും അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തി തടി മാറ്റാതെ തടി തപ്പാം എന്നായിരിക്കും കണക്കു കൂട്ടല്‍. രാജഭരണ കാലത്താണ് ആറന്മുളയില്‍ കടവിനോടു ചേര്‍ന്ന് സത്രം നിര്‍മിക്കുന്നത്. നദിയിലെ കാഴ്‌ച കാണാവുന്ന സത്രം അന്ന് നാട്ടുരാജാക്കന്മാരുടെയും ഉദ്യോഗസ്‌ഥ പ്രമുഖരുടെയും വിശ്രമകേന്ദ്രമായിരുന്നു. രാഷ്ര്‌ടപതി ആയവരും ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും ഒക്കെ വിശ്രമിച്ച പാരമ്പര്യം ഏറെയുണ്ടെങ്കിലും ശോച്യാവസ്‌ഥ മൂലം വീര്‍പ്പു മുട്ടുന്ന കെട്ടിടം ഇനി തകരാതിരിക്കണമെങ്കില്‍ കാര്യമായ സംരക്ഷണം തന്നെ വേണം.